|

ഇന്നലെ ബ്രേക്കാണെന്ന് കരുതി ചവിട്ടിയത് ക്ലച്ചിലെന്ന് ശ്രീനിയേട്ടന്‍; ഞങ്ങള്‍ക്കാര്‍ക്കും അത് മനസിലായിരുന്നില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രാഫിക്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റഹ്‌മാന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ തുടങ്ങിയ നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ട്രാഫിക്കില്‍ താനും കുഞ്ചാക്കോ ബോബനും ശ്രീനിവാസനൊപ്പം വണ്ടിയില്‍ വെച്ച് ഷൂട്ട് ചെയ്ത സീനിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അന്ന് ആ വണ്ടി ഓടിച്ചത് മൂന്നുപേരാണ്. ഞാനും ചാക്കോച്ചനും പിന്നെ ദൈവവും. അതിനകത്ത് ചാക്കോച്ചന്‍ എന്റെ കഴുത്തില്‍ കത്തിവെക്കുന്ന ഒരു സീനുണ്ട്. അതില്‍ ഞാന്‍ കണ്ണുകൊണ്ട് ശ്രീനിയേട്ടനോട് ആംഗ്യം കാണിക്കുന്നതും ശ്രീനിയേട്ടന്‍ വണ്ടി വെട്ടിക്കുന്നതുമാണ് സീന്‍. വണ്ടി അങ്ങനെ വെട്ടിച്ച് തിട്ടിന് മുകളിലേക്ക് കയറി ഡോര്‍ തുറന്ന് ചാക്കോച്ചന്‍ തെറിച്ചു പോകുകയാണ്.

ഇതില്‍ ഷൂട്ടിനായി ക്യാമറ ഫ്രന്റില്‍ റിഗ് ചെയ്ത് വെച്ചിരിക്കുകയാണ്. ആക്ച്വല്‍ ഷോട്ടില്‍ പ്ലാന്‍ ചെയ്തിരുന്നത് ഞാന്‍ കണ്ണുകൊണ്ട് ആക്ഷന്‍ കാണിക്കുന്നത് മുതല്‍ ശ്രീനിയേട്ടന്‍ സ്റ്റിയറിങ്ങ് തിരിക്കുന്നത് വരെയാണ്. പക്ഷെ ആ ഷോട്ടില്‍ ശ്രീനിയേട്ടന്‍ കൃത്യമായി ഈ വണ്ടി തിട്ടിന് മുകളില്‍ കയറ്റിനിര്‍ത്തി.

ചാക്കോച്ചന്‍ സൈഡിലേക്ക് തെറിച്ച് പോകുകയും എന്റെ കഴുത്തില്‍ ഉണ്ടായിരുന്ന കത്തി പോയിട്ട് ഞാന്‍ മുന്നോട്ട് ഷേക്കായി തിരിച്ച് ആദ്യം ഇരുന്നത് പോലെ തന്നെ വന്നിരിക്കുകയും ചെയ്തു. ശ്രീനിയേട്ടന്‍ നെടുവീര്‍പ്പിട്ട് അങ്ങനെ ഇരുന്നു. അവിടെ വരെ പെര്‍ഫക്റ്റായി ഒറ്റ ഷോട്ടില്‍ കിട്ടി.

പിറ്റേന്ന് മേക്കപ്പ് ചെയ്യുന്ന സമയത്ത് ശ്രീനിയേട്ടന്‍ ചിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ എന്താണെന്ന് ചോദിച്ചു. ‘ക്ലച്ച്, ബ്രേക്ക്, ആക്‌സിലേറ്റര്‍ അല്ലേ’യെന്ന് എന്നോട് തിരികെ ചോദിച്ചു. ഞാന്‍ അതേയെന്ന് പറഞ്ഞു. അപ്പോള്‍ ശ്രീനിയേട്ടന്‍ പറഞ്ഞത് ‘ഞാന്‍ ഇന്നലെ ബ്രേക്കാണെന്ന് കരുതി ചവിട്ടിയത് ക്ലച്ചിലാണ്’ എന്നാണ്. അതായത് ശ്രീനിയേട്ടന്‍ ബ്രേക്കാണെന്ന് കരുതി ക്ലച്ചില്‍ ചവിട്ടിയത് കൊണ്ടാണ് ആ വണ്ടി തിട്ടില്‍ കയറി നില്‍ക്കുന്നത്. അത് ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ മനസിലായില്ല,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Sreenivasan