|

എന്നെ ചില്ലുകൂട്ടില്‍ വെക്കാനാണ് അവര്‍ പറയുന്നത്; ഇതെല്ലാം ഞാന്‍ മുമ്പും അനുഭവിച്ചിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് തനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സപ്പോര്‍ട്ട് കാണുമ്പോള്‍ ഇനി മുന്നോട്ട് പോകാനുള്ള ധൈര്യം തോന്നുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. അതേസമയം ഈ സപ്പോര്‍ട്ട് വലിയ റെസ്‌പോണ്‍സിബിളിറ്റിയാണെന്നും നടന്‍ പറയുന്നു.

സോഷ്യല്‍ മീഡിയ കമന്റുകളില്‍ വ്യത്യസ്തരായ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ടെന്നും ചിലര്‍ തന്നെ ചില്ലുകൂട്ടില്‍ എടുത്തു വെക്കാനാണ് പറയുന്നതെന്നും ആസിഫ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി. ഇതെല്ലാം താന്‍ മുമ്പും അനുഭവിച്ചിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ആളുകളുടെ സപ്പോര്‍ട്ട് കാണുമ്പോള്‍ ഇനി മുന്നോട്ട് പോകാന്‍ വളരെ വലിയ ധൈര്യമാണ് തോന്നുന്നത്. അതേസമയം ഈ സപ്പോര്‍ട്ട് വലിയ റെസ്‌പോണ്‍സിബിളിറ്റിയാണ്. ആളുകള്‍ നമ്മളെ ഇഷ്ടപ്പെടുന്ന രീതി നമ്മള്‍ മനസിലാക്കി കഴിഞ്ഞാല്‍, അതില്‍ പിന്നീട് കോട്ടം തട്ടാതിരിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. അതിനായി ഞാന്‍ ഫേക്ക് ചെയ്യേണ്ടി വരും. അത് വലിയ പ്രശ്‌നമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അന്നത്തെ ആ സംഭവം നടന്ന സമയത്ത് ഞാന്‍ സംസാരിച്ചത് പോലെ ചിലപ്പോള്‍ ഇനി സംസാരിക്കാന്‍ പറ്റിയെന്ന് വരില്ല. എന്റെ ഭാഗത്ത് നിന്ന് മോശപ്പെട്ട ഒരു പ്രവര്‍ത്തി ഇനി വന്നേക്കാം. അങ്ങനെയൊക്കെ ഉള്ളത് കൊണ്ട് വളരെ കരുതല്‍ വേണമെന്ന് ഒരുപാട് ആളുകള്‍ പറയുന്നു. പക്ഷെ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. എപ്പോള്‍ വേണമെങ്കിലും എന്റെ ഭാഗത്ത് നിന്ന് അന്നത്തേതില്‍ നിന്ന് വിപരീതമായ സംഭവം ഉണ്ടായേക്കാം (ചിരി).

കമന്റുകളിലൊക്കെ വ്യത്യസ്തരായ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മുമ്പത്തേതില്‍ നിന്ന് മാറി ‘എന്നാല്‍ പിന്നെ അവനെ ചില്ലുകൂട്ടില്‍ എടുത്തുവെക്ക്’ എന്ന് പറയുന്നത് കാണാം. ഇതെല്ലാം ഞാന്‍ മുമ്പ് എക്‌സ്പീരിയന്‍സ് ചെയ്തിട്ടുള്ളതാണ്. ഓരോ സിനിമ ഇറങ്ങുന്ന സമയത്തും നല്ലതും മോശവും പറയാന്‍ ആളുകള്‍ ഉണ്ടാകും. അമ്മയെ തല്ലിയാലും രണ്ട് ഭാഗമുണ്ടെന്ന് പറയുന്നത് പോലെയാണ് അത്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Social Media Support And Comments