ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് ഒരുക്കിയ ഏറ്റവും പുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
അനുശ്രീ, മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തലവനില്‍ തനിക്ക് ഏറ്റവും കോംപ്‌ളക്‌സായി തോന്നിയ കാര്യത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി. ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ആസിഫ് അവതരിപ്പിച്ച കാര്‍ത്തിക് എന്ന കഥാപാത്രത്തിന്റെ അമ്മാവന്റെ വേഷമായിരുന്നു ചെയ്തത്.
രഞ്ജിത്തിനെ അമ്മാവനാക്കിയത് കാര്‍ത്തിക് എന്ന കഥാപാത്രത്തിന് വലിയ പണിയാണെന്നും അയാളെ സംബന്ധിച്ചിടത്തോളം അതൊരു ബാധ്യതയാണെന്നുമാണ് ആസിഫ് അലി പറയുന്നു. തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഈ സിനിമയില്‍ ഏറ്റവും കോംപ്‌ളക്‌സായി തോന്നിയ ഒരു കാര്യമുണ്ട്. അത് രഞ്ജിയേട്ടന്റെ കഥാപാത്രത്തെ എന്റെ അമ്മാവനാക്കിയതാണ്. അത് സിനിമയിലെ എന്റെ കഥാപാത്രത്തിന് വലിയ പണിയാണ്. കാര്‍ത്തികിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ്,’ ആസിഫ് അലി പറഞ്ഞു.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ സെല്‍ഫ് റെസ്‌പെക്റ്റിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ഏതെങ്കിലും ചില സീക്വന്‍സില്‍ നിന്നാണ് നമുക്ക് ഒരു കഥാപാത്രത്തെ കുറിച്ച് കിട്ടുകയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘ചില സീക്വന്‍സില്‍ നിന്നാണ് നമുക്ക് ആ കഥാപാത്രത്തെ കിട്ടുക. ചിലതൊക്കെ വളരെ ചെറിയ സീക്വന്‍സാകും. എനിക്ക് തലവനില്‍ ഏറ്റവും കണക്റ്റായത് ഈ കേസിന്റെ കാര്യം പോത്തനോട് സംസാരിക്കുമ്പോഴാണ്. ഞാന്‍ അവിടെ അന്വേഷിക്കുന്നത് ആരാണ് ആ ക്രൈം ചെയ്തത് എന്നാണ്. അല്ലാതെ ജയശങ്കറാണോ ചെയ്തത് എന്നതല്ല. അവിടെ കാര്‍ത്തിക്കിന്റെ ഐഡന്റിറ്റിയുണ്ട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Ranjith’s Character In Thalavan Movie