| Tuesday, 4th June 2024, 8:03 pm

പൃഥ്വി ആദ്യമായി ഷൂട്ട് ചെയ്ത നായകനാണ് ഞാന്‍; ആ എന്‍ട്രി സീനിന് ക്യാമറ പിടിച്ചത് അദ്ദേഹം: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാദിര്‍ഷ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

അമര്‍ അക്ബര്‍ അന്തോണിയില്‍ ആസിഫ് അലി ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഫൈസി എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫ് ആയിരുന്നുവെന്ന് സംവിധായകന്‍ നാദിര്‍ഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതിന് പിന്നാലെ പൃഥ്വിരാജിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പൃഥ്വിരാജ് ആദ്യമായി ഷൂട്ട് ചെയ്ത സീനിലെ നായകന്‍ താനാണെന്നും സപ്തമ. ശ്രീ. തസ്‌കര എന്ന സിനിമയില്‍ തന്റെ എന്‍ട്രി ഷൂട്ട് ചെയ്തത് പൃഥ്വിയാണെന്നും താരം പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘പൃഥ്വി ആദ്യമായി ഷൂട്ട് ചെയ്ത നായകന്‍ ഞാനാണ്. സപ്തമ. ശ്രീ. തസ്‌കരയില്‍ ജയിലിലെ എന്റെ എന്‍ട്രി ഷൂട്ട് ചെയ്തത് പൃഥ്വിയാണ്. ഇപ്പോഴുള്ള ചര്‍ച്ചയില്‍ ഒരു ക്ലാരിറ്റി കൊടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നാദിര്‍ഷിക്ക പറഞ്ഞത് കമ്മ്യൂണിക്കേറ്റ് ആയ രീതിയില്‍ ഒരു പ്രശ്‌നമുണ്ട്.

ആ സിനിമയുടെ ആദ്യത്തെ സ്‌ക്രാച്ച് വര്‍ക്ക് ചെയ്യുമ്പോഴാണ് എന്റെ കാര്യം പറയുന്നത്. ഇവര്‍ മൂന്നുപേരും വരുമ്പോള്‍ ഒരു കോമ്പിനേഷനുണ്ട്. ക്ലാസ്‌മേറ്റ്‌സിലെ കോമ്പിനേഷനാണ് മൂവരും. അത് വലിയ രീതിയില്‍ എസ്റ്റാബ്ലിഷ്ഡാണ്.

ഇനിയിപ്പോള്‍ ഞാനും അജു വര്‍ഗീസുമാണ് അതില്‍ നില്‍ക്കുന്നതെങ്കില്‍ ഞങ്ങളുടെ മൂന്നുപേരുടെയും കോമ്പിനേഷന്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ കൂടുതല്‍ എഫേര്‍ട്ട് എടുക്കേണ്ടി വന്നേനെ. അത് കഴിഞ്ഞിട്ടേ പിന്നെ അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് ബാക്കി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മുമ്പേതന്നെ എസ്റ്റാബ്ലിഷ്ഡായ മൂന്നുപേര്‍ അതിലേക്ക് വരുമ്പോള്‍ നല്ലതാണ്.

എനിക്ക് ഒരിക്കലും അത്രയും ഫ്രീയായി അദ്ദേഹത്തെ പോലെ ഹ്യൂമര്‍ ചെയ്യാന്‍ കഴിയില്ല. ഹ്യൂമര്‍ മാത്രമല്ല അങ്ങനെയൊരു കഥാപാത്രമേ ചെയ്യാന്‍ സാധിക്കില്ല. അതൊക്കെ മനസിലാക്കി തന്നെയാണ് കാസ്റ്റിങ്ങില്‍ അത്തരത്തിലുള്ള തീരുമാനമെടുത്തത്. എനിക്ക് അതിനേക്കാള്‍ കൂടുതല്‍ ആ കാര്യം മനസിലായിരുന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more