അന്ന് ആ മമ്മൂട്ടി ചിത്രം വന്നില്ലായിരുന്നെങ്കില്‍ ഇന്ന് രേഖാചിത്രം സംഭവിക്കില്ലായിരുന്നു: ആസിഫ് അലി
Entertainment
അന്ന് ആ മമ്മൂട്ടി ചിത്രം വന്നില്ലായിരുന്നെങ്കില്‍ ഇന്ന് രേഖാചിത്രം സംഭവിക്കില്ലായിരുന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 1:32 pm

ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തുന്ന ഈ സിനിമയില്‍ ആസിഫ് അലിയാണ് നായകനായി എത്തുന്നത്.

സി.ഐ വിവേക് ഗോപിനാഥ് എന്ന പൊലീസ് കഥാപാത്രമായാണ് രേഖാചിത്രത്തില്‍ ആസിഫ് അലി അഭിനയിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും രേഖാചിത്രത്തിനുണ്ട്.

ജോഫിന്‍ തന്റെ കരിയറിലെ ആദ്യ ചിത്രമായി ചെയ്യാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു ഇതെന്ന് പറയുകയാണ് ആസിഫ് അലി. എന്നാല്‍ ഒരു പുതുമുഖ സംവിധായകന്‍ എന്ന രീതിയില്‍ ജോഫിന്‍ അന്ന് ഈ സിനിമയുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ രേഖാചിത്രം സംഭവിക്കില്ലായിരുന്നെന്നും നടന്‍ പറയുന്നു.

ജോഫിന്‍ തന്റെ ആദ്യ സിനിമ മമ്മൂട്ടിയെ പോലെയുള്ള ഒരു സ്റ്റാറിനെ വെച്ച് ചെയ്തത് കൊണ്ടാണ് ഇന്ന് രേഖാചിത്രം എന്ന സിനിമ ഉണ്ടായതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘രേഖാചിത്രത്തില്‍ ഒരു കാലഘട്ടം മുഴുവന്‍ അങ്ങനെ തന്നെ റീക്രിയേറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നു. അതിന് രസമുള്ള ഒരു വെല്ലുവിളി നേരിടാന്‍ ഉണ്ടായിരുന്നു. ജോഫിന്‍ സത്യത്തില്‍ ഈ സിനിമ തന്റെ കരിയറിലെ ആദ്യ ചിത്രമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.

പക്ഷെ ഒരു പുതുമുഖ സംവിധായകന്‍ എന്ന രീതിയില്‍ ജോഫിന്‍ അന്ന് ഈ സിനിമയുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ രേഖാചിത്രം സംഭവിക്കില്ലായിരുന്നു. അവന്റെ ആദ്യ സിനിമ മമ്മൂക്കയെ പോലെയുള്ള ഒരു സ്റ്റാറിനെ വെച്ച് ചെയ്തു.

ആ സിനിമ വിജയമാകുകയും പിന്നീട് അഞ്ച് വര്‍ഷത്തോളം ഗ്യാപ് എടുക്കുകയും ചെയ്തത് കൊണ്ടാണ് ഈ സിനിമ നടന്നത്. ജോഫിന്റെ ആ അഞ്ച് വര്‍ഷത്തെ പണിയാണ് രേഖാചിത്രം,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Mammootty’s Priest Movie And Jofin T Chacko’s Rekhachithram