| Saturday, 7th September 2024, 9:08 pm

ആ ഫുട്‌ബോള്‍ ഇതിഹാസങ്ങളെ കുറിച്ചുള്ള ചോദ്യം; മമ്മൂക്കയെയാണോ ലാലേട്ടനെയാണോ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലബ് ഉടമയായി നടന്‍ ആസിഫ് അലിയും മാറിയിരുന്നു. ആസിഫ് ഇപ്പോള്‍ സൂപ്പര്‍ ലീഗ് കേരള ടീമായ കണ്ണൂര്‍ വാരിയേഴ്സിന്റെ ഉടമയാണ്. എന്തുകൊണ്ടാണ് താന്‍ ഈ ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചതെന്ന് പറയുകയാണ് നടന്‍. ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടമുള്ള പ്ലെയര്‍ ആരാണെന്ന ചോദ്യത്തിന് എംബാപ്പെയുടെ പേരാണ് ആസിഫ് പറഞ്ഞത്. ഒപ്പം റൊണാള്‍ഡോയാണോ മെസിയാണോ ഇഷ്ടമുള്ള പ്ലെയറെന്ന് ചോദിക്കുന്നത് മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്ന് ചോദിക്കുന്നത് പോലെയാണെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ഒരു വലിയ ഫുട്‌ബോള്‍ ഭ്രാന്തനൊന്നുമല്ല. ഞാന്‍ എപ്പോഴും ക്രിക്കറ്റായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷെ ഒരു അവസരം കിട്ടിയപ്പോള്‍ അങ്ങനെയൊരു ടീമിന്റെ ഭാഗമായതാണ്. പിന്നെ നമ്മള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇവിടുന്ന് നമുക്കൊരു ഫുട്‌ബോള്‍ ടീമുണ്ടാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല.

ഫുട്‌ബോളിനെ ഒരു പ്രൊഫഷനാക്കാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനൊക്കെയുള്ള ഒരു തുടക്കം എന്ന രീതിയിലാണ് ഇത്. ഇപ്പോള്‍ ബംഗാളും ഗോവയും പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ഫുട്‌ബോള്‍ ഫാന്‍സുള്ള സ്ഥലമാണ് കേരളം. അവിടുന്ന് ഒരു ഫുട്‌ബോള്‍ ടീമുണ്ടാകണം.

അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ടീമിന്റെ ഒപ്പം ചേരാന്‍ ആഗ്രഹിച്ചത്. അത് വലിയ ഒരു തുടക്കം കൂടെയാണ്. ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടമുള്ള പ്ലെയര്‍ ആരാണെന്ന് എന്നോട് ചോദിച്ചാല്‍ ഇപ്പോള്‍ എംബാപ്പെയാണ് ഹീറോയിക്ക് ആയിട്ടുള്ള ഒരു അപ്രോച്ചായിട്ട് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്.

ഒരു ടൂര്‍ണമെന്റ് മൊത്തം കഴിഞ്ഞിട്ട് ഫൈനലില്‍ പോയ ഒരു ടീമിന്റെ പ്ലെയറിന്റെയൊപ്പം നിന്ന് ഇമോഷന്‍ തോന്നിയത് അദ്ദേഹത്തിനോടാണ്. പിന്നെ റൊണാള്‍ഡോയാണോ മെസിയാണോ ഇഷ്ടമുള്ള പ്ലെയര്‍ എന്ന് ചോദിക്കുന്നത് മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്ന് ചോദിക്കുന്നത് പോലെയാണ്,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Lionel Messi And Cristiano Ronaldo

We use cookies to give you the best possible experience. Learn more