| Thursday, 9th January 2025, 12:56 pm

ഞാന്‍ ചെയ്ത ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ തിയേറ്റര്‍ വിജയത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്.

തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. ചില ചിത്രങ്ങള്‍ തിയേറ്ററില്‍ വിജയമായപ്പോള്‍ മറ്റുള്ളവ ഒ.ടി.ടിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താന്‍ ചെയ്ത മോശം സിനിമകളുടെ പേരില്‍ പല നല്ല സിനിമകളും ചര്‍ച്ചചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.

ഒ.ടി.ടിയുടെ വരവോടുകൂടി അത് ഒരുപരിധിവരെ മറികടക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഒ.ടി.ടിയില്‍ സിനിമ വരുമ്പോഴാണ് തിയേറ്ററില്‍ മിസായ റിസള്‍ട്ട് കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെവല്‍ ക്രോസ്സ് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ തിയേറ്റര്‍ വിജയത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ ആ സിനിമയുടെ ഒരു സ്റ്റേജില്‍ പോലും തിയേറ്റര്‍ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നും ആസിഫ് പറഞ്ഞു.

‘ഞാന്‍ ചെയ്ത മോശം സിനിമകളുടെ പേരില്‍ പല നല്ല സിനിമകളും ചര്‍ച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ട്. അതൊരു പരിധിവരെ മറികടന്നത് ഒ.ടി.ടിയുടെ വരവോടുകൂടിയാണ്. ഒ.ടി.ടിയില്‍ സിനിമ വരുമ്പോഴാണ് തിയേറ്ററില്‍ മിസായ റിസള്‍ട്ട് നമുക്ക് കിട്ടികൊണ്ടിരിക്കുന്നത്. അത്തരത്തില്‍ എടുത്തുപറയേണ്ടതാണ് ലെവല്‍ ക്രോസ്സ് എന്ന് പറയുന്ന സിനിമ.

ലെവല്‍ ക്രോസിന്റെ കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു, ഇത് തിയേറ്ററില്‍ എത്രമാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്. അതുകൊണ്ട് തന്നെ ആ സിനിമയുടെ ഒരു സ്റ്റേജില്‍ പോലും തിയേറ്റര്‍ വിജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അത് മോശമല്ലാത്ത രീതിയില്‍ തിയേറ്ററില്‍ കളിക്കുകയും എന്നാല്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ വലിയ റീച്ചിലേക്ക് പോകുകയും ചെയ്തു.

അതിന് ശേഷം കിഷ്‌കിന്ധാ കാണ്ഡം എന്നൊരു സിനിമ വരികയും അത് തിയേറ്ററില്‍ മികച്ച വിജയം നേടുകയും ആളുകള്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ആ സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോഴുള്ള ആവേശം സിനിമയുടെ ഉടനീളം എനിക്കുണ്ടായിരുന്നു.

എന്നാല്‍ ഈ സിനിമയും തിയേറ്ററില്‍ എത്രമാത്രം വിജയിക്കും എന്ന സംശയം തനിക്ക് ഉണ്ടാകുകയും ചെയ്തൊരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമ ഓണത്തിന് ഇറക്കാം എന്ന് നിര്‍മാതാവ് എടുത്ത ധീരമായ ഒരു തീരുമാനമാണ് കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ജാതകം മാറ്റിയത്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Level Cross Movie

We use cookies to give you the best possible experience. Learn more