| Sunday, 15th September 2024, 7:47 am

ഏതൊരു വലിയ സിനിമയുടെ കൂടെയും മത്സരിക്കാന്‍ ക്വാളിറ്റിയുള്ള ചിത്രം; ആഗ്രഹിച്ചതിനേക്കാള്‍ മുകളില്‍ വന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അപര്‍ണ ബാലമുരളിയും ആസിഫ് അലിയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തില്‍ അപര്‍ണക്കും ആസിഫിനും പുറമെ വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേഴ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. സിനിമയില്‍ അജയചന്ദ്രനായി എത്തുന്നത് ആസിഫ് അലിയാണ്. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി.

‘ഇത്തവണത്തെ ഓണം സിനിമകളെല്ലാം വളരെ പ്രോമിസിങ്ങായതായിരുന്നു. അതുകൊണ്ട് പ്രേക്ഷകരെല്ലാം തിയേറ്ററില്‍ ചെന്ന് ഒരു സിനിമ കാണണമെന്ന ട്രെന്‍ഡില്‍ തന്നെയാണ് ഈ ഓണം തുടങ്ങുന്നത്. എല്ലാ ബിസിനസിന്റെയും ഒരു പങ്കായി മാറുന്നത് പോലെ ഓണത്തിന് സിനിമയിലും വലിയ സ്ഥാനമുണ്ട്.

ഈ ഓണം ഞാന്‍ തൂക്കിയോയെന്ന് ചോദിച്ചാല്‍, ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റാണ്. കൂടുതല്‍ അഭിപ്രായങ്ങള്‍ ഞാന്‍ കേള്‍ക്കുന്നത് എന്റെ സിനിമയെ കുറിച്ചാണ്. പക്ഷെ ഞാനായിട്ട് ഒരു അവകാശവാദത്തിലേക്ക് പോകുന്നില്ല. എങ്കിലും ഏകദേശം അത്തരത്തിലുള്ള ഒരു സൂചനയാണ് കിട്ടികൊണ്ടിരിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമ വളരെ നല്ല സിനിമയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരിക്കലും ഒരു ഫെസ്റ്റിവല്‍ സമയത്ത് ഇത്രയും വലിയ സിനിമകളുടെ കൂടെ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഈ സിനിമയുടെ ഫസ്റ്റ് എഡിറ്റ് കണ്ടപ്പോള്‍ നമുക്ക് വലിയ കോണ്‍ഫിഡന്‍സുണ്ടായി.

ഇത് ഏതൊരു സിനിമയുടെ കൂടെയും മത്സരിക്കാന്‍ ക്വാളിറ്റിയുള്ളതാണെന്നും നമ്മള്‍ മനസില്‍ ആഗ്രഹിച്ചതിനേക്കാള്‍ മുകളില്‍ ഈ സിനിമ വന്നെന്നും മനസിലായി. ആ ഒരു ധൈര്യത്തിലാണ് കിഷ്‌കിന്ധാ കാണ്ഡവുമായി ഓണത്തിന് വരുന്നത്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About KishKindha Kaandam Release

We use cookies to give you the best possible experience. Learn more