കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ജാതകം മാറ്റിയത് അദ്ദേഹത്തിന്റെ ആ ധീരമായ തീരുമാനം: ആസിഫ് അലി
Entertainment
കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ജാതകം മാറ്റിയത് അദ്ദേഹത്തിന്റെ ആ ധീരമായ തീരുമാനം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 4:20 pm

തന്റെ കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താന്‍ ചെയ്ത മോശം സിനിമകളുടെ പേരില്‍ പല നല്ല സിനിമകളും ചര്‍ച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. അതെല്ലാം ഒരു പരിധിവരെ മാറി കടന്നത് ഒ.ടി.ടിയുടെ വരവോടുകൂടിയാണെന്നും ഒ.ടി.ടിയില്‍ സിനിമ വരുമ്പോഴാണ് തിയേറ്ററില്‍ മിസായ റിസള്‍ട്ട് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലെവല്‍ ക്രോസ്സ് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ സിനിമയുടെ തിയേറ്റര്‍ വിജയത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രം മോശമല്ലാത്ത രീതിയില്‍ തിയേറ്ററില്‍ പ്രകടനം നടത്തുകയും ഒ.ടി.ടിയില്‍ വന്നതിന് ശേഷം മികച്ച അഭിപ്രായം ലഭിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടമായെന്നും എന്നാല്‍ തിയേറ്റര്‍ വിജയത്തെ കുറിച്ച് സംശയമായിരുന്നെന്നും ആസിഫ് അലി പറഞ്ഞു. ഓണം റിലീസായി ചിത്രം തിയേറ്ററില്‍ ഇറക്കാം എന്ന് കിഷ്‌കിന്ധാ കാണ്ഡം ചിത്രത്തിന്റെ നിര്‍മാതാവ് തീരുമാനിച്ചതാണ് ആ ചിത്രത്തിന്റെ ജാതകം മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞാന്‍ ചെയ്ത മോശം സിനിമകളുടെ പേരില്‍ പല നല്ല സിനിമകളും ചര്‍ച്ച ചെയ്യപ്പെടാതെ പോയിട്ടുണ്ട്. അതൊരു പരിധിവരെ മറികടന്നത് ഒ.ടി.ടിയുടെ വരവോടുകൂടിയാണ്. ഒ.ടി.ടിയില്‍ സിനിമ വരുമ്പോഴാണ് തിയേറ്ററില്‍ മിസായ റിസള്‍ട്ട് നമുക്ക് കിട്ടികൊണ്ടിരിക്കുന്നത്.

അത്തരത്തില്‍ എടുത്തുപറയേണ്ടതാണ് ലെവല്‍ ക്രോസ്സ് എന്ന് പറയുന്ന സിനിമ. ലെവല്‍ ക്രോസ്സിന്റെ കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു, ഇത് തിയേറ്ററില്‍ എത്രമാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന്. അതുകൊണ്ടു തന്നെ ആ സിനിമയുടെ ഒരു സ്റ്റേജില്‍ പോലും തിയേറ്റര്‍ വിജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അത് മോശമല്ലാത്ത രീതിയില്‍ തിയേറ്ററില്‍ കളിക്കുകയും എന്നാല്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ വലിയ റീച്ചിലേക്ക് പോകുകയും ചെയ്തു.

അതിന് ശേഷം കിഷ്‌കിന്ധാ കാണ്ഡം എന്നൊരു സിനിമ വരികയും അത് തിയേറ്ററില്‍ മികച്ച വിജയം നേടുകയും ആളുകള്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ആ സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോഴുള്ള ആവേശം സിനിമയുടെ ഉടനീളം എനിക്കുണ്ടായിരുന്നു.

എന്നാല്‍ ഈ സിനിമയും തിയേറ്ററില്‍ എത്രമാത്രം വിജയിക്കും എന്ന സംശയം തനിക്ക് ഉണ്ടാകുകയും ചെയ്‌തൊരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമ ഓണത്തിന് ഇറക്കാം എന്ന് നിര്‍മാതാവ് എടുത്ത ധീരമായ ഒരു തീരുമാനമാണ് കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ ജാതകം മാറ്റിയത്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Kishkindha Kaandam movie