ട്രാഫിക്കിന് ശേഷം ഓര്‍ത്തുവെക്കുന്ന മറ്റൊരു ക്ലൈമാക്‌സ്; പലരും സിമ്പിളായ എന്‍ഡിങ് ആണെന്ന് പറഞ്ഞു: ആസിഫ് അലി
Entertainment
ട്രാഫിക്കിന് ശേഷം ഓര്‍ത്തുവെക്കുന്ന മറ്റൊരു ക്ലൈമാക്‌സ്; പലരും സിമ്പിളായ എന്‍ഡിങ് ആണെന്ന് പറഞ്ഞു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 11:46 am

നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ സ്ലീവാച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്.

ഈ സിനിമയിലെ ക്ലൈമാക്‌സിനെ കുറിച്ച് പലരും ഇന്നും സംസാരിക്കാറുണ്ട്. ട്രാഫിക്ക് എന്ന സിനിമക്ക് ശേഷം ഇന്ന് ഓര്‍ത്തുവെക്കുന്ന മറ്റൊരു ക്ലൈമാക്‌സ് ആകില്ലേ കെട്ട്യോളാണ് എന്റെ മാലാഖയിലേത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ലൊരു ചോദ്യമാണ് അത്. അതേ, ഉറപ്പായിട്ടും ഈ ക്ലൈമാക്‌സ് ഏറെ ഓര്‍ത്തു വെക്കുന്നതാണ്. കാരണം വായിക്കുമ്പോള്‍ ആ ക്ലൈമാക്‌സ് വളരെ സിമ്പിള്‍ ആയിരുന്നു. സിനിമ കണ്ട ശേഷം വളരെ സിമ്പിളായ എന്‍ഡിങ്ങായി പോയല്ലോ എന്ന് പറഞ്ഞ ആളുകളുണ്ട്. പക്ഷെ ഇത് വര്‍ക്കാക്കി എടുക്കുക എന്നത് ചെറിയ കാര്യമല്ല. നിസാം (സംവിധായകന്‍) അത് കണ്‍സീവ് ചെയ്ത രീതിയും ഇതിന്റെ പിന്നിലുണ്ട്.

സത്യത്തില്‍ കുറച്ച് കൂടെ സീനുകള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നു. പക്ഷെ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തതോടെ അത് മതിയെന്ന് തോന്നുകയായിരുന്നു. അവിടെ നിര്‍ത്താന്‍ കാണിച്ച ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. വേണമെങ്കില്‍ ബാക്കികൂടെ ഷൂട്ട് ചെയ്ത് വെക്കാമെന്ന് തീരുമാനിക്കാമായിരുന്നു. പക്ഷെ അങ്ങനെ തീരുമാനിക്കാതെ ഇത്ര മതിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് ആ ക്ലൈമാക്‌സ് ഇത്ര മനോഹരമായത്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Kettiyolaanu Ente Malakha