മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. 15 വര്‍ഷം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് ഒറ്റയ്ക്ക് വഴി വെട്ടി വന്നതാണ് എന്ന് ആലോചിക്കുമ്പോള്‍ ആത്മാഭിമാനം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ്. ആത്മാഭിമാനത്തേക്കാള്‍ കോണ്‍ഫിഡന്‍സാണ് കൂടുതലെന്നും ഓരോ പ്രാവശ്യവും സിനിമ ഇറങ്ങി മോശമാകുമ്പോള്‍ തനിക്ക് ആ ഒരു ധൈര്യമുണ്ടെന്നും താരം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ആത്മാഭിമാനത്തേക്കാള്‍ കോണ്‍ഫിഡന്‍സാണ് കൂടുതലും. ഓരോ പ്രാവശ്യവും സിനിമ ഇറങ്ങി മോശമാകുമ്പോള്‍ എനിക്ക് ആ ഒരു ധൈര്യമുണ്ട്. കാസര്‍ഗോള്‍ഡ് എന്ന സിനിമ ഇറങ്ങിയ സമയത്ത് നമുക്ക് താത്പര്യമില്ലെങ്കില്‍ പോലും ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഒരു കാര്യമുണ്ട്. സിനിമയുടെ റിവ്യു വീഡിയോസ് കാണുക എന്നതാണ് അത്.
റിലീസായി ആദ്യ ദിവസം ആദ്യ ഷോ കഴിഞ്ഞ് എന്താണ് നടക്കുന്നത് എന്ന് അറിയണമല്ലോ. എല്ലാവരെയും പോലെ ആ ക്യൂരിയോസിറ്റിയില്‍ ഞാനും അന്ന് റിവ്യു വീഡിയോസ് ഇരുന്ന് കണ്ടു. കോഴിക്കോട് നിന്നുള്ള ഒരു റിവ്യൂവര്‍ അന്ന് വളരെ മോശമായാണ് സംസാരിച്ചത്. ഞാന്‍ ചെയ്ത നല്ല സിനിമകളൊന്നും കണ്‍സിഡറ് ചെയ്യാതെ, ആസിഫ് അലി എങ്ങനെയാണ് ഇത്രനാള്‍ സിനിമ ചെയ്തതും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായതും എന്നത് അത്ഭുതമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം ആ എപ്പിസോഡ് വൈന്‍ഡപ്പ് ചെയ്തത്.
ആ മൊമന്റില്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോകുന്ന ഒരു അവസ്ഥ വരെ ഉണ്ടായി. സിനിമകള്‍ മോശമായിട്ടുണ്ടെങ്കില്‍ എന്റെ എഫേര്‍ട്ട്‌സിനെ പറ്റി ആളുകള്‍ സംസാരിക്കുന്നത് കേട്ട് ശീലിച്ചു പോയിരുന്നു. അന്ന് അയാള്‍ പറഞ്ഞത് എനിക്ക് വിഷമം ഉണ്ടാക്കി. അപ്പോള്‍ എനിക്ക് തോന്നിയത് എന്നാല്‍ പിന്നെ ഒന്നിന്നേ തുടങ്ങാം, എനിക്ക് അത് അറിയാം എന്നാണ്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Kasargold Movie Review