മൃദുല്‍ നായര്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിനായി ഒന്നിച്ചത്. ഇപ്പോള്‍ വിനായകനെ കുറിച്ചും സിനിമയിലെ ഫൈറ്റ് സീനിനെ കുറിച്ചും പറയുകയാണ് ആസിഫ് അലി.
എല്ലാവരും വിനായകനെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ആസിഫ് പറയുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ സംസാര രീതി കാരണമാകാം ആ തെറ്റിദ്ധാരണയെന്നും വിനായകന്‍ വേറെ തന്നെയൊരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണെന്നും നടന്‍ പറയുന്നു. കാസര്‍ഗോള്‍ഡിലെ വിനായകനൊപ്പമുള്ള ഫൈറ്റ് സീനിനെ കുറിച്ചും ആസിഫ് പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘നമ്മള്‍ എല്ലാവരും വിനായകന്‍ ചേട്ടനെ ശരിക്കും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ സംസാര രീതി കാരണമാകാം ആ തെറ്റിദ്ധാരണ. ചേട്ടന്‍ വേറെ തന്നെയൊരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണ്. നമുക്ക് എല്ലാവരും നമ്മളെ പോലെ തന്നെയാകണമെന്ന് വാശി പിടിക്കാന്‍ കഴിയില്ലല്ലോ.
അദ്ദേഹം ലൊക്കേഷനില്‍ ഷൂട്ടിന് വരാതിരിക്കുകയോ അതുമല്ലെങ്കില്‍ ലൊക്കേഷനില്‍ ഒരു പ്രശ്നമുണ്ടാക്കുകയോ ചെയ്ത ഒരു അനുഭവം നമുക്ക് ഉണ്ടായിട്ടില്ല. അയാള് ഒരു സിനിമക്ക് വേണ്ടി നല്‍കുന്ന എഫേര്‍ട്ട് വളരെ വലുതാണ്.
ഞങ്ങള്‍ കാസര്‍ഗോള്‍ഡ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ഒരു ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് വിനായകന്‍ ചേട്ടന്‍ ഫൈറ്റ് മാസ്റ്ററോട് സംസാരിച്ച കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
‘ഇത് മറ്റേ ഡിഷ്യും ഡിഷ്യും അല്ലെങ്കില്‍ ചുമ്മാ ചവിട്ട്, പഞ്ച്, ബ്ലോക്ക് പരിപാടിയല്ല വേണ്ടത്’ എന്നായിരുന്നു വിനായകന്‍ ചേട്ടന്‍ പറഞ്ഞത്. എന്നിട്ട് ഞങ്ങള്‍ 30 സെക്കന്റോളം വളരെ റോ ആയി ഫൈറ്റ് ചെയ്തു. ആ ഫൈറ്റ് കഴിഞ്ഞതും ഞങ്ങള്‍ രണ്ടുപേരും മാറി നിന്ന് ഛര്‍ദ്ദിക്കുകയായിരുന്നു.
ഫൈറ്റ് ചെയ്യുമ്പോള്‍ ഇയാള്‍ എന്റെ കഴുത്തില്‍ പിടിച്ചാല്‍ പിന്നെ കൈ പിടിച്ച് തിരിക്കുകയെന്നത് മാത്രമേ എനിക്ക് ചെയ്യാനുള്ളു. അത് ഒരു യഥാര്‍ത്ഥ ഫൈറ്റിന് കൊടുക്കുന്ന അത്ര തന്നെ മസില്‍ പവര്‍ കൊടുക്കണമായിരുന്നു.
ആ ഫൈറ്റ് കഴിഞ്ഞതും ഞങ്ങള്‍ രണ്ടുപേരും മാറി നിന്ന് ഛര്‍ദ്ദിച്ചു. ഞാന്‍ അപ്പോള്‍ വിനായകന്‍ ചേട്ടനോട് ‘ചേട്ടാ, ചേട്ടനെന്താ പ്രാന്താണോ’ എന്ന് ചോദിച്ചിരുന്നു,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Kasargold Movie And Vinayakan