Entertainment
അന്ന് അര്‍ഹിക്കുന്ന വിജയം നേടിയില്ല; പക്ഷെ പാട്ട് ഹിറ്റായതോടെ ആളുകള്‍ എന്റെ സിനിമ കണ്ടു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 07, 10:30 am
Saturday, 7th September 2024, 4:00 pm

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ആസിഫിന് പുറമെ അപര്‍ണ ബാലമുരളി, ജഗദീഷ്, വിജയരാഘവന്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡം ടീമിന് സിനിമയോടുള്ള അപ്രോച്ചും അവരുടെ കഴിവുമൊക്കെ താന്‍ കക്ഷി അമ്മിണിപ്പിള്ളയുടെ സമയത്ത് നേരിട്ട് അനുഭവിച്ച് മനസിലാക്കിയതാണെന്ന് പറയുകയാണ് ആസിഫ് അലി. ക്ഷി അമ്മിണിപ്പിള്ള അന്ന് അര്‍ഹിക്കുന്ന വിജയം നേടിയില്ലെന്നും അദ്ദേഹം പറയുന്നു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനെ കുറിച്ചും ഛായാഗ്രഹകന്‍ ബാഹുല്‍ രമേഷിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. കക്ഷി അമ്മിണിപ്പിള്ളയിലൂടെ ഇരുവര്‍ക്കും കിട്ടേണ്ട പ്രശംസ വളരെ വൈകിയാണ് കിട്ടിയതെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘ഈ ടീമിന്റെ കൂടെ ഞാന്‍ ആദ്യം ചെയ്യുന്ന സിനിമ കക്ഷി അമ്മിണിപ്പിള്ളയാണ്. ഇവരുടെ സിനിമയോടുള്ള അപ്രോച്ചും അവരുടെ കഴിവുമൊക്കെ ഞാന്‍ നേരിട്ട് അനുഭവിച്ച് മനസിലാക്കിയതാണ്. പക്ഷെ അന്ന് ആ സിനിമയിറങ്ങിയ സമയത്ത് അര്‍ഹിക്കുന്ന വിജയത്തിലേക്ക് പോയില്ലായിരുന്നു.

പാട്ടിറങ്ങി ഹിറ്റായതിന് ശേഷമാണ് ആ സിനിമയെ പറ്റി ആളുകള്‍ അന്വേഷിക്കുന്നത്. അപ്പോഴാണ് ആളുകള്‍ ആ സിനിമ കാണുകയും സിനിമയില്‍ പറഞ്ഞ കാര്യങ്ങളെ പറ്റി ഡിസ്‌ക്കസ് ചെയ്യുകയുമൊക്കെ ചെയ്തത്. അന്ന് ദിന്‍ജിത്തിനും ബാഹുലിനുമൊക്കെ കിട്ടേണ്ട ഒരു അപ്രീസിയേഷന്‍ വളരെ വൈകിയാണ് കിട്ടിയത്.

അതിന് ശേഷം ഞങ്ങള്‍ ഒന്നിച്ച് മറ്റൊരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ മുകളില്‍ നില്‍ക്കുന്ന സിനിമയായിരിക്കണമെന്ന് ഉണ്ടായിരുന്നു. അറ്റ്‌ലീസ്റ്റ് നമുക്കെങ്കിലും അത് അങ്ങനെ തോന്നണം. ആ ഒരു ആഗ്രഹത്തിലാണ് കുറേനാള്‍ ഏകദേശം അഞ്ച് വര്‍ഷത്തോളം ഈ സിനിമ സംഭവിക്കാന്‍ സമയമെടുത്തത്.

കഴിഞ്ഞ വര്‍ഷത്തിന് മുമ്പുള്ള വര്‍ഷമാണ് ബാഹുല്‍ എന്റെ അടുത്ത് വന്ന് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് പറയുന്നത്. ഒറ്റയിരിപ്പിന് തന്നെ ഈ സ്‌ക്രിപ്റ്റ് കേട്ടു. ഞാന്‍ അധികവും ഇന്റര്‍വ്യൂകളില്‍ പറയുന്ന ഒരു കാര്യമുണ്ട്. എനിക്ക് വര്‍ക്കാകുന്ന സിനിമകള്‍ക്ക് ഞാന്‍ വെക്കുന്ന ക്രൈറ്റീരിയ എന്നെ ബോറടിപ്പിക്കാതിരിക്കുക എന്നതാണ്.

ബോറടിപ്പിക്കാതെ ഒറ്റ ഇരിപ്പിനാണ് ബാഹുല്‍ കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ കഥ പറയുന്നത്. റെഫറന്‍സസ് ബാക്ഗ്രൗണ്ട് സ്‌കോര്‍ വെച്ചിട്ടാണ് പല സീനുകളും എനിക്ക് പറഞ്ഞു തരുന്നത്. കഥ പറയുമ്പോള്‍ അവന്‍ ആ സിനിമ നമുക്ക് ഫീല് ചെയ്യിച്ചു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Kakshi Amminippilla Movie