സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് 2010ല്‍ പുറത്തിറങ്ങിയ സിനിമയാണ് കഥ തുടരുന്നു. സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമായിരുന്നു ഇത്. മംമ്ത മോഹന്‍ദാസ്, ജയറാം എന്നിവര്‍ ഒന്നിച്ച ഈ സിനിമയില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തില്‍ ഷാനവാസ് എന്ന ഷാനു ആയിട്ടാണ് ആസിഫ് അഭിനയിച്ചത്. തനിക്ക് പേഴ്‌സണലി ഒരുപാട് ഇഷ്ടമുള്ള കഥയും കഥാപാത്രവുമാണ് കഥ തുടരുന്നു എന്ന സിനിമയിലേതെന്ന് പറയുകയാണ് ആസിഫ് അലി. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യന്‍ അന്തിക്കാടിന്റെ സിനിമയും കഥാപാത്രവും ആയത് കൊണ്ട് ഷാനു എന്ന കഥാപാത്രത്തോട് എല്ലാവര്‍ക്കും ഒരു ഇഷ്ടം തോന്നിപോകുമെന്നും നടന്‍ പറയുന്നു. സിനിമയിലെ തന്റെ കഥാപാത്രം മരിച്ച ശേഷം ബോഡി കൊണ്ടുപോകുന്ന സീന്‍ കണ്ട് തന്റെ ഉമ്മ തിയേറ്ററില്‍ നിന്ന് കരഞ്ഞ് ഇറങ്ങി പോയതിനെ കുറിച്ചും ആസിഫ് പറഞ്ഞു.
‘എനിക്ക് പേഴ്‌സണലി ഒരുപാട് ഇഷ്ടമുള്ള കഥയും കഥാപാത്രവുമാണ് കഥ തുടരുന്നു എന്ന സിനിമയിലേത്. ഷാനു എന്ന ഷാനവാസ് എന്ന കഥാപാത്രമായിട്ടായിരുന്നു ഞാന്‍ അതില്‍ അഭിനയിച്ചത്. ആ സിനിമ ഇഷ്ടപ്പെടാനുള്ള ഒരു കാരണം സത്യേട്ടന്റെ സിനിമയാണ് എന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ കഥാപാത്രമാണ് ഷാനു.
അതുകൊണ്ട് തന്നെ ആ കഥാപാത്രത്തോട് എല്ലാവര്‍ക്കും ഒരു ഇഷ്ടം തോന്നിപോകും. ആ സിനിമയില്‍ ഞാന്‍ മരിച്ചിട്ട് എന്റെ ബോഡി കൊണ്ടുപോകുന്ന ഒരു സീനുണ്ട്. അത് കണ്ടിട്ട് എന്റെ ഉമ്മ കരഞ്ഞിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി. ആ സിനിമയിലെ എല്ലാ സീക്വന്‍സും വളരെ ടച്ചിങ്ങായിരുന്നു,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Kadha Thudarunnu Movie