പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഒരഭിമുഖത്തില്‍ ആസിഫ് അലി. യൂണിയനിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കും ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിക്കുകയെന്നും അഭിമുഖത്തില്‍ ആസിഫ് പറയുന്നു.
”ഈ സിനിമ സംഭവിക്കുന്നത് വളരെ നല്ലൊരു ലക്ഷ്യത്തിന് വേണ്ടിയാണ്. മലയാള സിനിമയെന്നല്ല, ഏതൊരു സിനിമയുടെയും നട്ടെല്ല് എന്ന് പറയുന്നത് അതിന്റെ തിരക്കഥയാണ്, എഴുത്തുകാരനാണ്.
ഫെഫ്കയുടെ റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, അതിലെ എഴുത്തുകാര്‍ക്ക്, അവരുടെ പെന്‍ഷന്‍ സമ്പ്രദായത്തിന് വേണ്ടിയുള്ള ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സിനിമ സംഭവിക്കുന്നത്.
അത്രയും നല്ല സോഷ്യല്‍ കാരണത്തിന് വേണ്ടി ചെയ്യുന്ന സിനിമയായത് കൊണ്ട് തീര്‍ച്ചയായും ഇത് നല്ല രീതിയില്‍ വരുമെന്നുള്ള വിശ്വാസം എനിക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു.
പക്ഷെ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് ഇഷ്ടപ്പെട്ടതിന് ശേഷം സാധാരണ ഒരു സിനിമക്ക് വാങ്ങുന്ന അത്ര പ്രതിഫലമില്ലെങ്കില്‍ പോലും ഒരു ശമ്പളം ഫിക്‌സ് ചെയ്തിട്ടാണ് ഞങ്ങളെല്ലാവരും ഈ സിനിമയില്‍ അഭിനയിച്ചത്.
അത് വളരെ അപൂര്‍വമായി മാത്രം നടക്കുന്ന കാര്യമാണ്. കാരണം ഒരു സംഘടനയ്‌ക്കൊപ്പം അസോസിയേറ്റ് ചെയ്ത് നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും അവര്‍ പറയുന്ന ഡേറ്റിന് അവിടെ പോയി സിനിമ ചെയ്യുക, എന്നുള്ളതാണ് എപ്പോഴും നടക്കാറുള്ളത്.
പക്ഷെ കാപ്പ വളരെ ഐഡിയലായ ഒരു മൂവ്‌മെന്റായാണ് എനിക്ക് തോന്നിയത്. ഈ സിനിമയിലൂടെ കിട്ടുന്ന ലാഭം എന്ത് തന്നെയായാലും അത് റൈറ്റേഴ്‌സ് യൂണിയനിലേക്ക് പോകുകയും അവരുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യും,” ആസിഫ് അലി പറഞ്ഞു.
അതേസമയം, ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തിയ കാപ്പക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാസംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ കൊട്ട മധു എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.
Content Highlight: Asif Ali talks about Kaapa movie and the remuneration he got