Entertainment
അന്ന് ദൃശ്യം 3യെ കുറിച്ച് ജീത്തു സാര്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചില്ല; പക്ഷെ പിന്നീട് എക്‌സ്പീരീയന്‍സ് ചെയ്തു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 11, 05:13 pm
Thursday, 11th July 2024, 10:43 pm

ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലെവല്‍ ക്രോസ്’. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫിനെ കുറിച്ചും ദൃശ്യം 3യെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി.

‘കൂമന്റെ സ്‌ക്രിപ്റ്റ് റീഡിങ്ങിന്റെ സമയത്ത് നമുക്ക് ജീത്തു സാറിനെ കാണുമ്പോള്‍ ദൃശ്യത്തെ കുറിച്ച് അറിയാനുള്ള ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് മൂന്നാം ഭാഗത്തെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. അപ്പോള്‍ സാര്‍ പറഞ്ഞത്, എല്ലാ മൂന്നോ നാലോ ദിവസം കൂടുമ്പോഴും ദൃശ്യത്തിന്റെ അടുത്ത പാര്‍ട്ടിന്റെ കഥയുമായി ഒരാള്‍ ഏതെങ്കിലും രീതിയില്‍ എന്നെ ബന്ധപ്പെടാറുണ്ട് എന്നായിരുന്നു.

അത് സോഷ്യല്‍ മീഡിയയിലൂടെയാകാം ഫോണിലൂടെയാകാം നേരിട്ടാകാം അല്ലെങ്കില്‍ സുഹൃത്തുക്കള്‍ വഴിയാകാം എന്നും ജീത്തു സാര്‍ പറഞ്ഞു. എന്നാല്‍ സാര്‍ ആ പറഞ്ഞത് ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ കൂമന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അത് എക്‌സ്പീരീയന്‍സ് ചെയ്തു. എത്രയോ ആളുകള്‍ പല അവസരങ്ങളിലായി അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. ദൃശ്യത്തിന്റെ അടുത്ത പാര്‍ട്ടിനുള്ള തോട്ടുണ്ടെന്ന് പറഞ്ഞാണ് അവരൊക്കെ വന്നത്.

നമുക്ക് നോക്കാം, ആലോചിക്കാം എന്നൊക്കെയാണ് ജീത്തു സാര്‍ അവരോട് പറഞ്ഞിട്ടുള്ളത്. പിന്നെ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് എങ്ങനെയെങ്കിലും ഗിരി ആ കേസ് ഒന്ന് അന്വേഷിക്കാന്‍ വന്നാലോയെന്ന് ചോദിച്ചിരുന്നു. അത് നല്ല ഒരു ക്രോസ് ഓവര്‍ ആകുമായിരുന്നു. ജീത്തു ചേട്ടന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഒരു സാധ്യതയും തള്ളികളയില്ല. സാര്‍ വേറൊന്നും വിട്ടു പറയില്ല,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Jeethu Joseph