| Monday, 6th January 2025, 8:48 am

പേരെടുത്ത് പറഞ്ഞ് കോമാളിയാക്കി കാണിക്കുന്ന റിവ്യൂവിങ് വരെ ഇപ്പോള്‍ ഉണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ അതിജീവനത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. ആദ്യമെല്ലാം സിനിമയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും എന്നാല്‍ എത്തിയാല്‍ എങ്ങനെയെങ്കിലും അതിജീവിക്കാന്‍ കഴിയുമായിരുന്നുണെന്നും ആസിഫ് അലി പറയുന്നു. ഇപ്പോഴാണെങ്കില്‍ സിനിമയില്‍ വരാന്‍ എളുപ്പമാണെന്നും എന്നാല്‍ സര്‍വൈവ് ചെയ്യാനാണ് പാടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജെനറേഷനില്‍ ഉള്ള ആളുകള്‍ക്കെല്ലാം സിനിമയില്‍ എത്തുന്നതും സര്‍വൈവ് ചെയ്യുന്നതും സൗഹൃദ വലയങ്ങള്‍ ഉണ്ടാക്കുന്നതും മാത്രം നോക്കിയാല്‍ മതിയായിരുന്നു എന്ന് ആസിഫ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ റിവ്യൂകളെ അതിജീവിക്കാനുള്ള മെന്റല്‍ ഹെല്‍ത്തും വേണമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

വ്യക്തിഹത്യ ചെയ്യുന്ന തരത്തിലും പേരെടുത്ത് പറഞ്ഞ് കോമാളിയാക്കുന്ന തരത്തിലും ഇപ്പോള്‍ ചിലര്‍ റിവ്യൂ ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘പണ്ട് ഞാന്‍ സിനിമയില്‍ വന്ന കാലത്ത് മമ്മൂക്കയൊക്കെ പറഞ്ഞൊരു കാര്യമുണ്ട്, ആദ്യമെല്ലാം സിനിമയില്‍ വരാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാല്‍ എത്തിയാല്‍ എങ്ങനെയെങ്കിലും അതിജീവിക്കാന്‍ കഴിയും എന്ന്.

ഇപ്പോഴാണെങ്കില്‍ സിനിമയില്‍ വരാന്‍ എളുപ്പമാണ്. അതിജീവിക്കാനാണ് പാട്. അത് കഴിഞ്ഞ് ഒരു വിഭാഗം വന്നിട്ടുണ്ട്. ഈ റിവ്യൂവിനെ മറികടക്കുക എന്നത്.

എന്റെ ജെനറേഷനില്‍ ഉള്ളവര്‍ക്ക് സിനിമയില്‍ എത്തുക, അതിന് ശേഷം സര്‍വൈവ് ചെയ്യുക, ചെറിയ സൗഹൃദ വലയങ്ങള്‍ ഉണ്ടാക്കുക എന്നുള്ളതെല്ലാം നോക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ആളുകള്‍ക്ക് പേഴ്‌സണലായിട്ടുള്ള റിവ്യൂവിങ് ഉണ്ട്. ‘ഇവനെയൊക്കെ ആരാണ് സിനിമയില്‍ എടുത്തത്, ഇവന് എങ്ങനെയാണ് സിനിമ കിട്ടുന്നത്’ തുടങ്ങിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നുണ്ട്.

പല ആളുകളും അവരുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നതോ താത്പര്യമില്ലായ്മ കാണിക്കുന്നതോ ഒക്കെ ആകാം. ഇതിനെയെല്ലാം അതിജീവിക്കാനുള്ള മെന്റല്‍ ഹെല്‍ത്ത് കൂടെ ഇപ്പോള്‍ വരുന്ന ആളുകള്‍ക്ക് വേണം. കാരണം പേരെടുത്ത് പറഞ്ഞ് കോമാളിയാക്കി കാണിക്കുന്ന റിവ്യൂവിങ് വരെ ഇപ്പോള്‍ ഉണ്ട്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Importance of Mental health for surviving in film industry

We use cookies to give you the best possible experience. Learn more