| Wednesday, 8th January 2025, 6:50 pm

എന്റെ സിനിമ നന്നാകുമ്പോള്‍ കൂടെ നിന്നതിനേക്കാള്‍ അവര്‍ മോശമാകുമ്പോള്‍ ഒപ്പം നിന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാകരിയറില്‍ ജയപരാജയങ്ങള്‍ ഒരുപോലെ നേരിട്ടിട്ടുള്ള നടനാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ കൂടെയാണ് അദ്ദേഹം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് എളുപ്പം സാധിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

2024ല്‍ ആസിഫ് അലി നായകനായി നാല് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധ കാണ്ഡം തുടങ്ങിയ സിനിമകളായിരുന്നു അവ. ഈ സിനിമകളൊക്കെ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ ആരാധകരെയും പ്രേക്ഷകരെയും കുറിച്ച് പറയുകയാണ് ആസിഫ് അലി. തന്നെ പോലെയോ തന്നെക്കാള്‍ കൂടുതലോ തന്റെ വളര്‍ച്ചക്കായി ആഗ്രഹിച്ചതും കൊതിച്ചതും സപ്പോര്‍ട്ട് ചെയ്തതും പ്രാര്‍ത്ഥിച്ചതുമൊക്കെ അവരാണെന്ന് അറിയാമെന്നാണ് ആസിഫ് പറയുന്നത്.

അവരെല്ലാം തന്റെ സിനിമകള്‍ നന്നാകുമ്പോള്‍ കൂടെ നിന്നതിനേക്കാള്‍ കൂടുതല്‍ തന്റെ സിനിമ മോശമാകുമ്പോള്‍ കൂടെ നിന്നിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തിന്റെ ഭാഗമായി നടന്ന ഫാന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘എന്നെ പോലെയോ എന്നെക്കാള്‍ കൂടുതലോ എന്റെ വളര്‍ച്ചക്കായി ആഗ്രഹിച്ചതും കൊതിച്ചതും സപ്പോര്‍ട്ട് ചെയ്തതും പ്രാര്‍ത്ഥിച്ചതുമൊക്കെ നിങ്ങളാണെന്ന് എനിക്ക് അറിയാം. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഞാന്‍ സിനിമയിലേക്ക് വന്ന കാലം മുതല്‍ക്ക് എന്നെ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. എന്നെ അറിയുന്ന ആളുകളും എന്നെ കാണുന്നവരും സംസാരിക്കുന്നവരുമുണ്ട്. ഇടയ്ക്ക് എവിടുന്നോ വന്ന് എന്റെ ജീവിതത്തിന്റെ ഭാഗമായവരുമുണ്ട്.

അവരെല്ലാവരും സിനിമകള്‍ നന്നാകുമ്പോള്‍ കൂടെ നിന്നതിനേക്കാള്‍ കൂടുതല്‍ എന്റെ സിനിമ മോശമാകുമ്പോള്‍ കൂടെ നിന്നിട്ടുണ്ട്. സിനിമയെ ആഗ്രഹിച്ച്, സിനിമയെ സ്വപ്‌നം കണ്ട് വന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അത്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About His Fan’s Support

We use cookies to give you the best possible experience. Learn more