അന്ന് രണ്ട് ബോട്ടില്‍ വെളളം കൊടുത്തതിന് ഒരമ്മ എന്റെ കയ്യില്‍ മുത്തം തന്നു, അതൊന്നും മറക്കാനാവില്ല: ആസിഫ് അലി
Entertainment news
അന്ന് രണ്ട് ബോട്ടില്‍ വെളളം കൊടുത്തതിന് ഒരമ്മ എന്റെ കയ്യില്‍ മുത്തം തന്നു, അതൊന്നും മറക്കാനാവില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th May 2023, 7:58 pm

2018ലെ പ്രളയത്തെ ആസ്പദമാക്കി അഖില്‍ പി. ധര്‍മജന്‍ തിരക്കഥയെഴുതി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വിറാം, ശിവദ എന്നിവരടങ്ങുന്ന വലിയ താരനിര അണിനിരന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നേടുന്നത്.

2018 ലെ പ്രളയകാലത്തെ കുറിച്ചും സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ മാനസികാവസ്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി പ്രളയ കാലത്തെ തന്റെ അനുഭവങ്ങളെ കുറിച്ച് പറയുന്നത്. പ്രളയകാലത്ത് നിരവധി ആളുകളെ സഹായിക്കാന്‍ കഴിഞ്ഞെന്നും താനും ആ ഭീകരത അനുഭവിച്ചിട്ടുണ്ടെന്നുമാണ് ആസിഫ് അലി പറയുന്നത്.

‘ആ സമയത്ത് ഞാന്‍ താമസിച്ചുകൊണ്ടിരിക്കുന്നത് വാഴക്കാലയാണ്. ലാല്‍ മീഡിയ സ്റ്റുഡിയോയുടെ തൊട്ട് സൈഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചുകൊണ്ടിരുന്നത്. അതിന്റെ പുറകിലൊരു ചെറിയ തോടുണ്ട്. ആ തോട് ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ചില സമയത്ത് വെള്ളം ഉണ്ടാകും, ചിലസമയത്ത് വറ്റിക്കിടക്കുകയായിരിക്കും.

ഈ തോടിന്റെ അറ്റം പെരിയാറായിട്ടാണ് കണക്റ്റ് ചെയ്യുന്നത് എന്ന് പ്രളയ സമയത്താണ് ഞങ്ങള്‍ അറിയുന്നത്. ഞങ്ങളുടെ ഫ്‌ളാറ്റിലും അന്ന് വെള്ളം കയറിയിരുന്നു. ആളുകളെ ക്യാമ്പുകളിലേക്ക് എത്തിച്ചു തുടങ്ങിയ സമയമായിരുന്നു. എറണാകുളം കുസാറ്റിലായിരുന്നു ആദ്യത്തെ ക്യാമ്പ്.

ആ സമയത്ത് ക്യാമ്പില്‍ എത്തുന്ന ആളുകള്‍ക്ക് ആദ്യം പൈസയൊക്കെ നല്‍കിയാണ് പലരും സഹായിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് ഡെയ്‌ലി നീഡ്‌സ് ഉണ്ടെന്നും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്നും അറിയുന്നത്.അറിയാവുന്ന കോണ്‍ടാക്ടില്‍ നിന്ന് സോര്‍ട്ട് ചെയ്ത് സാധനങ്ങള്‍ കൊണ്ടുപോയി കൊടുക്കുന്ന സമയത്താണ് ഇതിന്റെ ഭീകരത അറിഞ്ഞ് തുടങ്ങിയത്.

ജീവിതത്തില്‍ പലരീതിയിലുള്ള ആളുകള്‍, ഇവരെല്ലാവരും ഒന്നിച്ചുവരികയാണ്. എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും മനസിലാകുന്നില്ല. ഒരു കണ്‍ഫ്യൂഷന്‍ സ്റ്റേജില്‍ ആണ് ഞങ്ങളും അവിടെ ചെല്ലുന്നത്. അന്ന് രണ്ട് ബോട്ടില്‍ വെളളം കൊണ്ടു കൊടുത്തതിന് ഒരമ്മ എന്റെ കയ്യില്‍ മുത്തിയിട്ടുണ്ട്. നമ്മള്‍ കേരളം പോലൊരു സംസ്ഥാനത്ത് അങ്ങനൊരു കാഴ്ച കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുപോലെ ബ്ലാങ്കറ്റ് കൊടുത്ത സമയത്ത് രണ്ടാളുകള്‍ തമ്മില്‍ അടിയുണ്ടാക്കുന്നു. ഒരു ഗര്‍ഭിണിയെ ഡ്രിപ്പ് ഉള്‍പ്പടെ വഞ്ചിയില്‍ കൊണ്ടുവന്ന് എന്റെ കാറില്‍ കയറ്റി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിട്ടുണ്ട്.’ആസിഫ് അലി പറഞ്ഞു.

content highlights; Asif Ali talks about his experiences during the floods