| Wednesday, 29th May 2024, 9:00 am

തിരിച്ചുവരവ് നടത്താന്‍ ഞാന്‍ എവിടെയും പോയിട്ടില്ല; പലതും നമ്മള്‍ വിചാരിച്ച രീതിയിലേക്ക് വരാതിരുന്നിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. 2009ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് തന്റെ കരിയര്‍ ആരംഭിച്ചത്. ആ ചിത്രം താരത്തിന് നല്‍കിയത് മികച്ച തുടക്കം തന്നെയായിരുന്നു.

മലയാള പ്രേക്ഷകര്‍ക്കിടയില്‍ അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് എളുപ്പത്തില്‍ സ്വന്തമാക്കാനും ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ശ്യാമ പ്രസാദിന് പുറമെ സിബി മലയില്‍, ആഷിഖ് അബു, ജോഷി, വൈശാഖ് ഉള്‍പ്പെടെയുള്ള സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് ആസിഫ് അലി.

ആസിഫ് അലിയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രമാണ് തലവന്‍. ജിസ് ജോയ്‌യുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിക്കുന്ന ചിത്രമാണ് തലവന്‍.

ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് ആസിഫ് അലി. തിരിച്ചുവരവ് നടത്താന്‍ താന്‍ എവിടെയും പോയിട്ടില്ലെന്നാണ് താരം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘തിരിച്ചുവരവ് നടത്താന്‍ ഞാന്‍ എവിടെയും പോയിട്ടില്ല. സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ആളുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ പറ്റുകയെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും കിട്ടുന്ന അവസരമല്ല.

വളരെ ഡിഫ്രന്റായ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പലതും നമ്മള്‍ വിചാരിച്ച രീതിയിലേക്ക് വരാതിരുന്നിട്ടുണ്ട്. കുറേനാളിന് ശേഷം എല്ലാം ഒത്തുവന്നത് ഈ സിനിമയിലാണ്. അത് ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയുന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About His Comeback

Latest Stories

We use cookies to give you the best possible experience. Learn more