തന്റെ കൂടെ വന്നവര്‍ക്കും ശേഷം വന്നവര്‍ക്കും ഒരുപാട് നല്ല സിനിമകള്‍ സംഭവിക്കുമ്പോഴും തനിക്ക് തിയേറ്റര്‍ ഹിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നെന്ന് പറയുകയാണ് ആസിഫ് അലി. ആ സമയത്ത് തനിക്ക് മാത്രം എന്തുകൊണ്ട് തിയേറ്റര്‍ ഹിറ്റ് കിട്ടുന്നില്ലെന്നും എന്തുകൊണ്ട് നല്ല സിനിമകളുടെ ഭാഗമാകാന്‍ പറ്റുന്നില്ലെന്നുമുള്ള വിഷമം തോന്നിയിട്ടുണ്ടെന്നും നടന്‍ പറയുന്നു.
തനിക്ക് ഒരുപാട് കഴിവുള്ള ടെക്‌നീഷ്യന്‍സിന്റെ കൂടെയും അഭിനേതാക്കളുടെ കൂടെയുമൊക്കെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. അവരൊക്കെ തന്റെ ജീവിതത്തിലും തന്റെ സിനിമയോടുള്ള അപ്രോച്ചിലുമൊക്കെ ചെറുതും വലുതുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഒരുപാട് ടാലന്റ്ഡായ ടെക്‌നീഷ്യന്‍സിന്റെ കൂടെയും അഭിനേതാക്കളുടെ കൂടെയുമൊക്കെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അവരൊക്കെ എന്റെ ജീവിതത്തിലും എന്റെ സിനിമയോടുള്ള അപ്രോച്ചിലുമൊക്കെ ചെറിയ മാറ്റങ്ങളോ വലിയ മാറ്റങ്ങളോ ഉണ്ടാക്കിയിട്ടുണ്ട്.
അത് ചിലപ്പോള്‍ ഞാന്‍ അവരോ അറിഞ്ഞോ അറിയാതെയോ നടന്നതാകാം. ആ വ്യത്യാസം തീര്‍ച്ചയായും എന്നില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ അഭിനയം ആസ്വദിക്കുന്ന രീതിയിലും ഞാന്‍ സിനിമയെ കാണുന്ന രീതിയിലും എന്റെ തെരഞ്ഞെടുപ്പുകളിലുമെല്ലാം ഇത് മാറ്റം കാണാവുന്നതാണ്.
അതാണ് സത്യത്തില്‍ 2009 മുതല്‍ കിഷ്‌കിന്ധാ കാണ്ഡം വരെയുള്ള സിനിമകളില്‍ കാണുന്നത്. എന്റെ കൂടെ വന്നവര്‍ക്കും എനിക്ക് ശേഷം വന്നവര്‍ക്കും ഒരുപാട് നല്ല സിനിമകള്‍ സംഭവിക്കുമ്പോഴും എനിക്ക് തിയേറ്റര്‍ ഹിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു.
ആ സമയത്ത് എനിക്ക് മാത്രം എന്തുകൊണ്ട് തിയേറ്റര്‍ ഹിറ്റ് കിട്ടുന്നില്ല, എനിക്ക് എന്തുകൊണ്ട് നല്ല സിനിമകളുടെ ഭാഗമാകാന്‍ പറ്റുന്നില്ല എന്നൊക്കെയുള്ള ഒരു വിഷമം എന്റെയുള്ളില്‍ വന്നു. അങ്ങനെയൊരു സമയം എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനും അവസാനം എന്തൊക്കെയോ ദൈവം നമുക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടെന്ന് പറയാറില്ലേ. അതാണ് എനിക്ക് 2024 എന്ന വര്‍ഷം,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About His Career Change