തനിക്ക് ബി.ടെക് സിനിമയിലെ ബില്‍ഡപ്പ് ഷോട്ടുകള്‍ ചെയ്യാന്‍ ചമ്മലായിരുന്നു എന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. ഒരു കഥാപാത്രത്തിന് വേണ്ടി ബില്‍ഡപ്പ് സീനുകള്‍ ചെയ്യാന്‍ എപ്പോഴും മെന്റല്‍ ബ്ലോക്ക് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ അഡിയോസ് അമിഗോക്ക് വേണ്ടി ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി. കഥാപാത്രമായി മാത്രം കാണുമ്പോള്‍ അത്തരം സീനുകള്‍ ചെയ്യാന്‍ പറ്റുമെന്നും ഫഹദ് ഫാസിലിന്റെ ആവേശം അതിനായി എനിക്ക് വലിയ ധൈര്യമായിരുന്നു നല്‍കിയതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘ബി.ടെക് എന്ന സിനിമയില്‍ എനിക്ക് ചില ബില്‍ഡപ്പ് ഷോട്ടുകള്‍ ഉണ്ടായിരുന്നു. അത്തരം സീനുകള്‍ ഷൂട്ട് ചെയ്യുന്ന നേരത്ത് സിഗരറ്റ് കത്തിച്ച് നോക്കി നില്‍ക്കുന്ന ഒരു ഷോട്ടുണ്ട്. സത്യത്തില്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു ചമ്മലാണ് ഫീല്‍ ചെയ്തത്. കാരണം പലപ്പോഴും നമ്മള്‍ റിയലിസ്റ്റിക് സിനിമകളെയും ആക്ടിങ്ങിനെയും കുറിച്ചാണ് ഇന്ന് ആളുകളൊക്കെ ചര്‍ച്ച ചെയ്യുന്നത്. ഞാനും അത്തരം സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ട് അത്തരം ബില്‍ഡപ്പ് ക്യാരക്ടര്‍ ചെയ്യാന്‍ എനിക്ക് മെന്റല്‍ ബ്ലോക്ക് ഉണ്ടായിരുന്നു.
എന്നാല്‍ ഈ പ്രശ്‌നം നേരിടാന്‍ ഇപ്പോള്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സിനിമയില്‍ ഇത്തരം ബില്‍ഡപ്പ് സീനുകള്‍ ചെയ്യുമ്പോള്‍ അതിനെ കഥാപാത്രമായി മാത്രം കാണുമ്പോള്‍ അത് ചെയ്യാന്‍ പറ്റും. അങ്ങനെ നോക്കുമ്പോള്‍ ആവേശം എന്ന സിനിമ എനിക്ക് വലിയ ധൈര്യമായിരുന്നു നല്‍കിയത്. കാരണം ഷാനു അതിനെ സമീപിച്ച രീതി മറ്റൊരു തരത്തിലായിരുന്നു. സാധാരണ അത്തരം കഥാപാത്രങ്ങള്‍ ചെയ്തിരുന്നത് വലിയ മസ്‌ക്കുലറായ നായകനാകും. എന്നാല്‍ അത്തരം നായകന്മാരെ മാറ്റി ഷാനു ആ കഥാപാത്രം ചെയ്തു,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Fahadh Faasil And Aavesham Movie