| Tuesday, 19th November 2024, 3:28 pm

ആളുകളുടെ ഇഷ്ടം അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് വെറുപ്പാക്കി മാറ്റരുതെന്ന് അവര്‍ പറഞ്ഞു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി.15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

ഉയരെ സിനിമയിറങ്ങിയ സമയത്ത് പലരും തന്നോട് നെഗറ്റീവ് റോളുകള്‍ ചെയ്യരുതെന്ന് പറഞ്ഞെന്ന് ആസിഫ് അലി പറയുന്നു. ആളുകള്‍ക്ക് തന്നെ ഇഷ്ടമാണെന്നും എന്നാല്‍ അത് വെറുപ്പാക്കി മാറ്റരുതെന്ന് പറഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടൈപ്പ് കാസ്റ്റ് ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് നെഗറ്റീവ് വേഷങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്ത് ന്യൂ ജനറേഷന്‍ എന്ന കാറ്റഗറിയില്‍ ലോക്കായി കിടന്നിട്ടിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ബ്രേക്ക് ചെയ്ത് കുടുംബ പ്രേക്ഷകരിലേക്ക് എത്താന്‍ കഴിഞ്ഞത് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. അതുപോലെ ഇമേജുകള്‍ പൊട്ടിച്ചില്ലെങ്കില്‍ ടൈപ്പ് കാസ്റ്റില്‍ പെട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഉയരെ എന്ന സിനിമ ചെയ്ത സമയത്ത് പലരും എന്നോട് പറഞ്ഞു ആസിഫ് ഇങ്ങനെയുള്ള റോളുകള്‍ ചെയ്യരുത് ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമാണ് അതൊരു വെറുപ്പായി മാറരുതെന്ന്. പക്ഷേ ടൈപ്പ് കാസ്റ്റിങ് ഇല്ലാതെയാക്കാനും കൂടിയാണ് നെഗറ്റീവ് റോളുകള്‍ ഉള്‍പ്പടെയുള്ളവ ചെയ്യുന്നത്.

ഒരു കാലത്ത് ന്യൂ ജനറേഷന്‍ എന്ന കാറ്റഗറിയില്‍ ലോക്ക് ആയി കിടന്നവരാണ് ഞങ്ങള്‍ കുറേ ആര്‍ടിസ്റ്റുകള്‍. അത് ബ്രേക്ക് ചെയ്ത് കുറച്ചു കൂടി കുടുംബപ്രേക്ഷകരിലേക്ക് എനിക്ക് എത്താനായത് സണ്‍ഡേ ഹോളിഡേയിലൂടെയാണ്. അതുപോലെ ബ്രേക്ക് ചെയ്യാനായില്ലെങ്കില്‍ ടൈപ്പ് കാസ്റ്റിങ്ങില്‍ പെട്ടുപോകും.

പ്രേക്ഷകര്‍ക്ക് അവരോട് അടുത്തു നില്‍ക്കുന്നയാള്‍ എന്ന് എന്നെപ്പറ്റി തോന്നുന്നുണ്ടാവാം. ആളുകള്‍ സിനിമയെ ഇഷ്ടപ്പെട്ട് സിനിമ ഫോളോ ചെയ്ത് തുടങ്ങിയ സമയത്ത് സിനിമയുടെ ഭാഗമായ ആളാണ് ഞാന്‍. ഇയാളൊരു നല്ല സിനിമ ചെയ്ത് കാണണം എന്നാഗ്രഹിക്കുന്ന കുറേ പേരുണ്ട്.

അതുകൊണ്ട് തന്നെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ ആ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടിയെടുക്കുന്ന പരിശ്രമം ഇവരൊക്കെ കാണുന്നതുമാണ്. അതൊക്കെയായിരിക്കാം ഈ പറഞ്ഞ ഇഷ്ടത്തിന് പിന്നിലെ കാരണം,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Breaking Type Caste

We use cookies to give you the best possible experience. Learn more