മലയാളികള്‍ക്ക് സിനിമയില്‍ ഏറെ പ്രിയപ്പെട്ട ഒരു നായിക – നായകന്‍ ജോടിയാണ് അപര്‍ണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ട്. ഇരുവരും ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്. ആസിഫിന്റെയും അപര്‍ണയുടെയും കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി – ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുള്ളത്. പക്ഷെ ആളുകള്‍ക്ക് താനും അപര്‍ണയും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന തോന്നലുണ്ടെന്ന് പറയുകയാണ് ആസിഫ് അലി.
അതുകൊണ്ട് റിപ്പീറ്റഡ് കാസ്റ്റിങ്ങായി പോകുമെന്ന് പറഞ്ഞ് പല സിനിമകളിലും തങ്ങളുടെ കാസ്റ്റിങ് മാറ്റി ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘അപ്പുവിന്റെ കൂടെ ഞാന്‍ മൂന്ന് സിനിമകളാണ് ചെയ്തിട്ടുള്ളത്. സണ്‍ഡേ ഹോളിഡേ, ബി-ടെക് പിന്നെ തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നിവയാണ് അവ. ഈ മൂന്ന് സിനിമകള്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുള്ളത്. പക്ഷെ ആളുകള്‍ക്ക് ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന തോന്നലുണ്ട്.
അതുകൊണ്ട് പല സിനിമകളും വരുമ്പോള്‍ റിപ്പീറ്റഡ് കാസ്റ്റിങ്ങായി പോകുമെന്ന് പറഞ്ഞ് പലരും ഞങ്ങളുടെ കാസ്റ്റിങ് മാറ്റി ചിന്തിച്ചിട്ടുണ്ട്. ഞാനും അപര്‍ണയും കൂടെയുള്ള സബ്‌ജെക്ടുകള്‍ വരുമ്പോള്‍ നമുക്ക് വേണ്ട, ഷഫിള് ചെയ്യാമെന്ന് പറഞ്ഞ് എന്നെ മാറ്റിയിട്ടുണ്ട്. ചിലതില്‍ നിന്ന് അവളെ മാറ്റിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വരേണ്ട ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു,’ ആസിഫ് അലി പറഞ്ഞു.
അപര്‍ണ – ആസിഫ് ജോഡി വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ജഗദീഷ്, വിജയരാഘവന്‍ എന്നിവരും കിഷ്‌കിന്ധാ കാണ്ഡത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Asif Ali Talks About Aparna Balamurali