ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ഈ സിനിമ ഒരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു.
ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ രേഖാചിത്രത്തില്‍ ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു അഭിനയിച്ചത്.
‘രേഖ പത്രോസ്’ എന്ന കഥാപാത്രമായിട്ടായിരുന്നു അനശ്വര രാജന്‍ രേഖാചിത്രത്തില്‍ എത്തിയത്. സിനിമയില്‍ അനശ്വരയുടെ ചില റിയാക്ഷന്‍സുണ്ടെന്നും പാളിപോകാവുന്നതായിരുന്നു അതെന്നും എന്നാല്‍ അത് വളരെ മനോഹരമായി അനശ്വര ചെയ്തുവെന്നും പറയുകയാണ് ആസിഫ് അലി.
വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അനശ്വര വന്നത് കൊണ്ട് രേഖ പത്രോസ് എന്ന കഥാപാത്രത്തിന്റെ മുഖം ആളുകളുടെ മനസിലേക്ക് കയറിയെന്നും അനശ്വര രാജനെന്ന കാസ്റ്റിങ് വളരെ ബ്രില്യന്റ് ആയിരുന്നെന്നും നടന്‍ പറയുന്നു.
‘അഭിനയിക്കുന്നവര്‍ക്ക് മാത്രം മനസിലാകുന്ന ഒരുപാട് കുഞ്ഞുകുഞ്ഞ് ഏരിയകള്‍ രേഖാചിത്രത്തിലുണ്ട്. എനിക്ക് വളരെ നന്നായി മനസിലായിട്ടുള്ള ഏരിയകളാണ് അത്. ചില സീനില്‍ നടക്കുന്ന അത്ഭുതങ്ങളുമുണ്ട്. സിനിമ കാണാത്തവര്‍ക്ക് സ്‌പോയിലര്‍ ആയി പോകുമെന്നുള്ളത് കൊണ്ട് കൂടുതല്‍ പറയാനാവില്ല.
എന്നാല്‍ അത് വളരെ മനോഹരമായിട്ടാണ് അനശ്വര ചെയ്തിട്ടുള്ളത്. സിനിമയിലെ അനശ്വരയുടെ കഥാപാത്രത്തോട് ആളുകള്‍ക്ക് ഒരു ഇമോഷന്‍ തോന്നിയില്ലെങ്കില്‍ ഈ സിനിമ മൊത്തം എന്തിനാണെന്ന് തോന്നാന്‍ സാധ്യതയുണ്ട്. അനശ്വര വന്നത് കൊണ്ട് ആ മുഖം ആളുകളുടെ മനസിലേക്ക് കയറി. അവളുടെ കഥാപാത്രത്തോട് ഒരു ഇഷ്ടം തോന്നി.
പലപ്പോഴും ഈ സിനിമയുടെ ഭാഗമായി തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ കണ്ടത് സീറ്റില്‍ നിറകണ്ണുകളുമായി ഇരിക്കുന്ന കുറേയാളുകളെയാണ്. അത് ആ സിനിമയും കഥാപാത്രവും അവരുടെ ഉള്ളില്‍ അത്രയും കയറിക്കൂടിയത് കൊണ്ടാണ്. അനശ്വരയെന്ന കാസ്റ്റിങ് വളരെ ബ്രില്യന്റ് ആയിരുന്നു,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Anaswara Rajan And Rekhachithram Movie