തന്നെ കുറിച്ച് നടന്‍ മധു പറഞ്ഞതിന് മറുപടി പറയുകയാണ് ആസിഫ് അലി. ഒരു ഇന്റര്‍വ്യൂവില്‍ ആസിഫ് അലി ഇത്രയൊക്കെയുണ്ടെന്ന് തനിക്ക് ആദ്യം ഇമാജിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ വരുന്ന ആസിഫിന്റെ പുതിയ സിനിമകള്‍ കാണുമ്പോഴാണ് ഇയാളുടെ കയ്യില്‍ ഇതൊക്കെ ഉണ്ടായിരുന്നുവല്ലേയെന്ന് മനസിലാകുന്നതെന്നും മധു പറഞ്ഞിരുന്നു.
താന്‍ ആ ഇന്റര്‍വ്യൂ കണ്ടിരുന്നെന്നും ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ആസിഫ് അലി പറയുന്നു. മധുവിന്റെ കൂടെ താന്‍ അവസാനമായി ചെയ്തത് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമ ആയിരുന്നെന്നും ആ സമയത്തെല്ലാം അദ്ദേഹം സിനിമയെ കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും ആസിഫ് പറഞ്ഞു.
താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും നല്ല വര്‍ഷമായിരുന്നു 2024 എന്നും ഐസ് ക്രീമിന്റെ മുകളിലെ ചെറി ആയിരുന്നു തന്നെക്കുറിച്ചുള്ള മധുവിന്റെ കമന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘മധു സാറിന്റെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. ആസിഫ് അലിയെന്ന നടന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാന്‍ മധു സാറിന്റെ കൂടെ ഏറ്റവും അവസാനം ചെയ്തത് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രമായിരുന്നു. ആ സമയത്തെല്ലാം അദ്ദേഹം സിനിമ മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് എടുത്ത് പറയണമല്ലോ, ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും നല്ല വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്. അതില്‍ ഐസ് ക്രീമിന്റെ മുകളിലെ ചെറി ആയിരുന്നു മധു സാറിന്റെ ആ കമന്റ്. അദ്ദേഹം എന്നെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ലായിരുന്നു,’ ആസിഫ് അലി പറയുന്നു.