അഖില്‍ പി ധര്‍മജന്‍ തിരക്കഥയെഴുതി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് 2018. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വിറാം, ശിവദ എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി 2018ന്റെ ഷൂട്ടിങ് സമയത്ത് താന്‍ അനുഭവിച്ച വെല്ലുവിളികളെ കുറിച്ച് സംസാരിച്ചത്. സിനിമയില്‍ തന്നേക്കാളേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത് നടന്‍ ലാല്‍ ആണെന്നും, അത്രയേറെ ബുദ്ധമുട്ടുകളുണ്ടായിട്ടും അദ്ദേഹം വളരെ ആവേശത്തോടെയാണ് തന്റെ സീനുകള്‍ അഭനയിച്ച് പൂര്‍ത്തിയാക്കിയതെന്നും ആസിഫ് അലി പറഞ്ഞു.
‘ലാല്‍ അങ്കിള്‍, ഞാന്‍, നരേന്‍. ഞങ്ങള്‍ മൂന്നുപേരുമാണ് ഒരു വീട്ടില്‍ നിന്നും വരുന്നത്. ഈ പറഞ്ഞത് പോലെ ലാല്‍ ഒരു സംവിധായകനാണ്. നടനും നിര്‍മാതാവുമാണ്. അതു കൊണ്ടുതന്നെ അദ്ദേഹം ജൂഡിന്റെ കൂടെ കട്ടക്ക് നിന്നു. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം വളരെ സീനിയറായിട്ടുള്ള ആളാണ്. അദ്ദേഹത്തെ ഒരുപാട് നേരം മഴയത്ത് നിര്‍ത്തരുത് എന്നൊക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമല്ലായിരുന്നു. ചില ഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് പോലും ഇന്ന് ഇത്രയും മതി, മതിയാക്കാം എന്ന് പറയാന്‍ പറ്റാത്തതിന്റെ കാരണം അദ്ദേഹമായിരുന്നു’, ആസിഫ് അലി പറഞ്ഞു.
നേരത്തെ മറ്റൊരു അഭിമുഖത്തിലും ആസിഫലി 2018 സിനിമയിലെ ലാലിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നു. ‘പ്രായത്തില്‍ അദ്ദേഹം ഞങ്ങള്‍ക്ക് മുകളിലാണ്. അത് മാറ്റിവെച്ചാലും അദ്ദേഹമൊരു സംവിധായകനും നിര്‍മാതാവുമാണ്. ഞങ്ങളേക്കാള്‍ എത്രയോ സീനിയറാണ്. മഴയും കാറ്റും കൊണ്ട് രാത്രി ഏറെ വൈകി ഇന്നിനി മതിയാക്കാമെന്ന് ഞങ്ങള്‍ ജൂഡിനോട് പറയാന്‍ വേണ്ടി തിരിയുമ്പോള്‍ കാണുന്നത് ലാല്‍ സാര്‍ പനപോലെ നില്‍ക്കുന്നതായാരിക്കും’ ആസിഫ് അലി പറഞ്ഞു.
CONTENT HIGHLIGHTS: Asif Ali talks about actor Lal’s 2018 film performance