തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആസിഫ് ഇന്ന് മികച്ച ഒരു നടനായി മാറി കഴിഞ്ഞു. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
മുഖം കാണിക്കാതെ തന്നെ ആസിഫ് കയ്യടി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. സിനിമയിലെ തന്റെ പ്രകടനത്തെ മമ്മൂട്ടി അഭിനന്ദിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും ആസിഫ് അലി പറഞ്ഞു. മമ്മൂട്ടി തന്നെ കുറിച്ച് സംസാരിക്കുന്ന വീഡിയോ യൂട്യൂബിലുണ്ടെന്നും ആസിഫ് പറഞ്ഞു.
ഋതു എന്ന ആദ്യ ചിത്രം തന്നെ തേടി വന്നപ്പോഴും അഭിമാനം തോന്നിയിരുന്നുവെന്നും ആ കഥാപാത്രം മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ലെന്നും ആസിഫ് പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ്.
‘എന്നെ മമ്മൂക്ക അഭിനന്ദിച്ചപ്പോഴാണ് ഏറ്റവും അഭിമാനം തോന്നിയത്. അന്ന് റോഷാക്ക് ഇറങ്ങിയ സമയമായിരുന്നു. അന്നൊരു പ്രൊമോഷൻ ഇന്റർവ്യൂവിൽ എന്നെ കുറിച്ച് എന്തോ ചോദ്യം വന്നപ്പോൾ മമ്മൂക്ക എന്നെ കുറിച്ച് കുറെ സംസാരിച്ചു.
അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. ആ സിനിമയിൽ ഞാൻ അഭിനയിച്ചതിനെ പറ്റിയും, എന്റെ കണ്ണ് കണ്ട് ആളുകൾ തിരിച്ചറിഞ്ഞതിനെ പറ്റിയുമൊക്കെ മമ്മൂക്ക പറഞ്ഞു. അത് യൂട്യൂബിലുണ്ട്. ഒന്ന് കണ്ട് നോക്ക്.
അതുപോലെ ഋതു എന്ന ആദ്യ ചിത്രം എന്നെ തേടി വന്നതിലും എനിക്ക് അഭിമാനം തോന്നാറുണ്ട്. ആ സിനിമ സംഭവിച്ചതിനാണല്ലോ ഏറ്റവും അഭിമാനം തോന്നേണ്ടത്. അത് വേറേ ഒരാളും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരിക്കലും ആലോചിക്കാൻ പറ്റില്ല. അത് ഞാൻ തന്നെ ചെയ്യേണ്ട സിനിമയാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk His Character In Rithu