| Thursday, 30th May 2024, 2:25 pm

ഫോൺ എടുക്കാത്തതിന് പരാതി പറയാത്ത സിനിമയിലെ എന്റെ ഒരേയൊരു സുഹൃത്ത് അവനാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ആസിഫ് അലിയുടെ സിനിമ യാത്ര ഇന്ന് തലവനിൽ എത്തി നിൽക്കുന്നു.

ജിസ് ജോയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തലവൻ. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങൾ. വിനീത് ശ്രീനിവാസനുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി.

ഇരുവരും ചില സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വിനീതിന്റെ സംവിധാനത്തിൽ ആസിഫ് ഇതുവരെ നായകനായിട്ടില്ല. വിനീതിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ആസിഫ് കാമിയോ വേഷത്തിൽ അഭിനയിച്ചിരുന്നു.

തങ്ങളുടെ സൗഹൃദം കൂടുതലും ഭക്ഷണവും യാത്രയുമായി ബന്ധപ്പെട്ടാണെന്ന് ആസിഫ് അലി പറയുന്നു. ചർച്ചകളിൽ സിനിമ കടന്ന് വരാറില്ലെന്നും അതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും ആസിഫ് പറയുന്നു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘വിനീതുമായി നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്. പക്ഷെ അതൊരിക്കലും സിനിമ റിലേറ്റഡ് അല്ല. അത് അധികവും ഭക്ഷണവും യാത്രകളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ട്രാഫിക് മുതലാണ് ഞങ്ങൾ തമ്മിൽ പരിചയപെടുന്നത്. അന്നാണ് സൗഹൃദം തുടങ്ങുന്നത്. അത് സിനിമയിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എത്തിയിട്ടുമില്ല.

പല സമയത്തും വിനീത് എന്നെ വിളിക്കുന്നത്, ആസി അന്ന് പറഞ്ഞില്ലായിരുന്നോ പൊള്ളാച്ചി നല്ലൊരു ബിരിയാണി കിട്ടുന്ന സ്ഥലം ഉണ്ടെന്ന്, അതെവിടെയാണ്? ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിച്ചുകൊണ്ടാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് വിനീത് എന്നെ വിളിക്കുന്നത്.

ഞാൻ വിനീതിന്റെ പേര് ഫോണിൽ സേവ് ചെയ്തിട്ടുള്ളത് വിനീത് ന്യൂ സ്വിച്ച് ഓഫ് എന്നാണ്. കാരണം വിനീതിന്റെ നമ്പർ ഉള്ളവർ വിളിച്ചുകഴിഞ്ഞാൽ അധികവും ഫോൺ ഓഫ് ആയിരിക്കും.

തമ്മിൽ കണ്ടാൽ ഫോൺ എടുത്തില്ല എന്നതിന് പരാതി പറയാത്ത രണ്ട് സുഹൃത്തുക്കളും ഞങ്ങൾ ആയിരിക്കും. എന്നോട് ഇങ്ങോട്ടും പറയില്ല, ഞാൻ അങ്ങോട്ടും പറയില്ല,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Vineeth Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more