| Wednesday, 2nd October 2024, 6:45 pm

ആ കഥാപാത്രത്തിനായി സിക്സ് പാക്ക് സെറ്റാക്കിയപ്പോഴാണ് എനിക്ക് അപകടം പറ്റിയത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്ന ചിത്രങ്ങളും ഇപ്പോൾ തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കിഷ്കിന്ധാ കാണ്ഡവും ആസിഫിന്റെ കയ്യിൽ ഭദ്രമാണ്.

ഒരു വർഷം മുമ്പ് ഷൂട്ട്‌ തുടങ്ങിയ ആസിഫ് അലി ചിത്രമായിരുന്നു ടിക്കി ടാക്ക. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടിക്കി ടാക്കയ്ക്കുണ്ട്. മുമ്പൊന്നും കാണാത്ത മേക്ക് ഓവറിൽ ആസിഫ് അലി എത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റായാണ് എത്തുന്നത്.

എന്നാൽ ആസിഫ് അലിക്ക് ഒരു ആക്‌സിഡന്റ് പറ്റിയതിന്റെ ഭാഗമായി സിനിമയുടെ ഷൂട്ട്‌ മുടങ്ങിയിരുന്നു. ചിത്രത്തിനായി താൻ സിക്സ് പാക്കൊക്കെ സെറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ ആക്‌സിഡന്റ് പറ്റിയതോടെ അതെല്ലാം മാറിയെന്നും ആസിഫ് അലി പറയുന്നു.

ടിക്കി ടാക്ക വലിയൊരു ചിത്രമാണെന്നും ഏറ്റവും മികച്ച രീതിയിൽ ആ സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കൊരു ആക്സിഡന്റ് പറ്റിയിരുന്നു. എന്റെ ഒരു കംപ്ലീറ്റ് റിക്കവറിക്ക് ശേഷം അതിന്റെ ബാക്കി ഷൂട്ട്‌ തുടങ്ങാം എന്നായിരുന്നു പ്ലാൻ. എട്ട് മാസം മുതൽ ഒരു വർഷം വരെയായിരുന്നു എനിക്കുള്ള റസ്റ്റ്‌ ടൈം പറഞ്ഞത്.

അധികം ചെയ്തിട്ടില്ലാത്ത ഫോർമാറ്റിലുള്ള ഒരു ചിത്രമാണ് ടിക്കി ടാക്ക. ഏറ്റവും പെർഫെക്ട് ആയ രീതിയിൽ തന്നെ ആ ചിത്രം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം ആ ടീമും അവർ ആ സിനിമയ്ക്ക് വേണ്ടി ഇടുന്ന എഫേർട്ടും ആ സിനിമയുടെ വലിപ്പവുമെല്ലാം അത്രയും വലുതാണ്.

കിഷ്ക്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഒരു മൂന്ന് മാസത്തിനുള്ളിൽ ടിക്കി ടാക്ക തുടങ്ങാം എന്നാണ് കരുതിയത്. അവസാനത്തെ ഒരു ഏഴ് മാസമായി ഞാൻ വർക്ക് ഔട്ട് ചെയ്തിരിക്കുകയായിരുന്നു.

സിക്സ് പാക്ക് ആക്കി നിൽക്കുമ്പോഴാണ് എനിക്ക് ആക്‌സിഡന്റ് പറ്റുന്നത്. അതിന് ശേഷം എനിക്ക് ഓൾമോസ്റ്റ്‌ ഒരു നാല് മാസം ബെഡ് റസ്റ്റിലായിരുന്നു. വീൽ ചെയറിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് ഡയറ്റ് നോക്കാൻ പറ്റില്ലല്ലോ,’ആസിഫ് പറയുന്നു.

Content Highlight: Asif Ali Talk About Tiki Takka Movie

We use cookies to give you the best possible experience. Learn more