| Sunday, 19th May 2024, 8:06 am

വിളിച്ചാൽ കിട്ടില്ല എന്നതാണ് എന്നെ പറ്റിയുള്ള പരാതി, അങ്ങനെ നഷ്ടപ്പെട്ടതാണ് ആ കഥാപാത്രങ്ങൾ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. അഭിനയത്തിൽ തന്റേതായ ഒരു സ്റ്റൈലുള്ള നടനാണ് ആസിഫ് അലി.

കരിയറിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ആസിഫ് ചെയ്തിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രമാണ് റിലീസാവാനുള്ള ആസിഫ് അലി ചിത്രം. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഭ്രമയുഗം അടക്കം നിരവധി ചിത്രങ്ങൾ ആസിഫ് അലിക്ക് ലഭിക്കാതെ പോയിട്ടുണ്ട്. തന്നെ വിളിച്ചാൽ കിട്ടില്ലായെന്ന പരാതി എല്ലാവർക്കും ഉണ്ടെന്നും നഷ്ടപ്പെട്ട വേഷങ്ങളെക്കുറിച്ച് വിഷമം തോന്നാറുണ്ടെന്നും ആസിഫ് പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു.

‘പല തിരക്കുകൾ മൂലം നഷ്‌ടപ്പെട്ട, എത്രയോ നല്ല കഥാപാത്രങ്ങളുണ്ട്. എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പ്രശ്നം എന്നെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നാണ്.

പല ഹിറ്റ് സിനിമകളുടെയും വിജയാഘോഷത്തിൽ പങ്കെടുക്കുമ്പോൾ നിന്നെയാണ് ആദ്യം ഈ സിനിമയിലേക്ക് ഉദ്ദേശിച്ചത്, നിന്നെ കിട്ടാതെ വന്നതോടെ അടുത്തയാളിലേക്ക് പോകുകയായിരുന്നു എന്നൊക്കെ പറഞ്ഞ സംവിധായകരുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും. പക്ഷേ, വിധിച്ചതേ കിട്ടൂ എന്നു വിശ്വസിക്കുന്നയാളാണു ഞാൻ,’ ആസിഫ് അലി പറയുന്നു.

കെ.ജി.എഫ് പോലൊരു മാസ് ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും താൻ അഭിനയിക്കുന്ന ടിക്കി ടാക്ക അങ്ങനെയൊരു ചിത്രമാണെന്നും ആസിഫ് പറഞ്ഞു.

‘അത്തരത്തിലൊരു ചിത്രമാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക. ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണ് ടിക്കി ടാക്ക. അതിൻ്റെ ഷൂട്ടിനിടയിൽ എനിക്കു ചെറിയൊരു അപകടം പറ്റി. അതോടെയാണ് പടം നിർത്തിവയ്ക്കേണ്ടി വന്നത്. എല്ലാം ഒത്തുവന്നാൽ സെപ്റ്റംബർ പകുതിയോടെ ഷൂട്ട് പുനരാംരഭിക്കും,’ആസിഫ് പറയുന്നു.

Content Highlight: Asif Ali Talk About the characters he missed

We use cookies to give you the best possible experience. Learn more