| Tuesday, 30th July 2024, 9:35 am

ആ ചെറിയ കഥാപാത്രത്തിലൂടെയാണ് അദ്ദേഹത്തിലെ നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. അധികം വൈകാതെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടനായി മാറാൻ സുരാജിന് കഴിഞ്ഞു. കോമഡി വേഷങ്ങളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച സുരാജ് മെല്ലെ ട്രാക്ക് മാറ്റുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്.

സുരാജിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരാജ് എന്ന നടനെ മലയാളികൾ തിരിച്ചറിയുന്നതെന്നും അതിന് ശേഷം പ്രേക്ഷകർ കണ്ടത് സുരാജിന്റെ വ്യത്യസ്ത കഥാപാത്രങ്ങളാണെന്നും ആസിഫ് അലി പറഞ്ഞു.

സുരാജ് ഇപ്പോൾ തമിഴിൽ ഒരു സിനിമയിൽ വില്ലനായി അഭിനയിക്കുകയാണെന്നും എന്നാൽ തങ്ങളുടെ പുതിയ ചിത്രം അഡിഗോസ് അമിഗോസിൽ പഴയ സുരാജിനെ നമുക്ക് കാണമെന്നും ആസിഫ് പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കുറിച്ച് ആളുകൾ അറിയുന്നത്. പ്രേക്ഷകർരെയൊക്കെ ഞെട്ടിച്ച കഥാപാത്രമാണത്.

അയാൾ വിഷമം പറഞ്ഞപ്പോൾ പ്രേക്ഷകർക്ക് വിഷമമായി. അവിടെ നിന്ന് അങ്ങോട്ടുള്ള ചേട്ടന്റെ ട്രാൻസ്ഫോർമേഷൻ ഒരു ആക്ടർ എന്ന നിലയിൽ ഭയങ്കര വ്യത്യസ്തമായിരുന്നു. ഒരുപാട് വേറിട്ട കഥാപാത്രങ്ങൾ ചെയ്തു. ഇപ്പോൾ തമിഴിൽ വില്ലനായി ഒരു കഥാപാത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.

അങ്ങനെ ഒരുപാട് സ്ഥലത്ത് പോയി, ഇന്ന് അഡിഗോസ് അമിഗോസിൽ അഭിനയിക്കുമ്പോൾ തിരിച്ചു വന്നത് പഴയ സുരാജ് വെഞ്ഞാറമൂടായിട്ടാണ്. ദേ കിടക്കുന്നു ഞങ്ങളുടെ സുരാജ് എന്നാണ് ഞങ്ങൾ പറഞ്ഞത്,’ആസിഫ് അലി പറയുന്നു.

സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഡിഗോസ് അമിഗോസ്. ആസിഫ് അലി വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തും.

Content Highlight: Asif Ali Talk About Suraj Venjaramood’s Role In Action Hero Biju

We use cookies to give you the best possible experience. Learn more