ഞാൻ നോർത്ത് ഇന്ത്യനാണെന്ന് കരുതി സെറ്റിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിച്ചു, അവന് പക്കാ മലയാളി ലുക്കായിരുന്നു: ആസിഫ് അലി
Entertainment
ഞാൻ നോർത്ത് ഇന്ത്യനാണെന്ന് കരുതി സെറ്റിൽ എല്ലാവരും ഇംഗ്ലീഷിൽ സംസാരിച്ചു, അവന് പക്കാ മലയാളി ലുക്കായിരുന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd September 2024, 8:07 am

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്ന ചിത്രങ്ങളും ഇപ്പോൾ തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കിഷ്കിന്ധാ കാണ്ഡവും ആസിഫിന്റെ കയ്യിൽ ഭദ്രമാണ്.

ആദ്യ ചിത്രമായ ഋതുവിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ആസിഫ് അലിക്ക് പുറമെ നിഷാൻ, റീമ കല്ലിങ്കൽ എന്നിവരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു ഋതു.

നിഷാന് മലയാളം അറിയാത്തതുകൊണ്ട് താനും റീമയും ഇംഗ്ലീഷിൽ ആയിരുന്നു നിഷാനോട് സംസാരിച്ചിരുന്നതെന്നും എന്നാൽ ലൊക്കേഷനിൽ എല്ലാവരും താൻ നോർത്ത് ഇന്ത്യനാണെന്ന് കരുതിയെന്നും ആസിഫ് പറയുന്നു. തന്റെ അന്നത്തെ ലുക്ക് കണ്ടപ്പോൾ എല്ലാവരും അങ്ങനെ കരുതിയെന്നും എന്നാൽ നിഷാന് ഒരു മലയാളി പയ്യന്റെ ലുക്ക് ആയിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഋതു ഷൂട്ട് ചെയ്യുന്ന സമയത്ത് നിഷാനെ കംഫർട്ടബിൾ ആക്കാനായി എല്ലാവരും ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചിരുന്നത്. കാരണം നിഷാന് മലയാളം അത്ര അറിയില്ലായിരുന്നു. റീമയും ഞാനും ഇംഗ്ലീഷിൽ സംസാരിക്കും. ലൊക്കേഷനിൽ ഉള്ളവർക്കൊക്കെ അറിയാം ഞങ്ങളിൽ ആരോ ഒരാൾ മലയാളിയല്ലെന്ന്.

പക്ഷെ അവരുടെയെല്ലാം വിചാരം നിഷാൻ മലയാളിയും ഞാൻ നോർത്ത് ഇന്ത്യൻ ആണെന്നുമാണ്. അവരെന്റെ അടുത്ത് വന്ന് ഇംഗ്ലീഷിൽ ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. പിന്നെ ആ സിനിമയിലെ എന്റെ ലുക്കും അങ്ങനെയായിരുന്നു. എന്നാൽ ശരത്ത് എന്ന പേരിന് നിഷാൻ അത്രയും ചേരുന്നുണ്ടായിരുന്നു. ശരിക്കും നമ്മുടെ വീട്ടിൽ വളർന്ന ഒരു പയ്യൻ എന്ന ഇമേജ് തന്നെയായിരുന്നു അവന്,’ആസിഫ് അലി പറയുന്നു.

അതേസമയം കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം രണ്ടാം വാരത്തിലും ഗംഭീര അഭിപ്രായവുമായി മുന്നേറുകയാണ്. ബാഹുൽ രമേശ് രചന നിർവഹിച്ച ചിത്രം ഈയിടെ മലയാളത്തിൽ ഇറങ്ങിയ മികച്ച തിരക്കഥകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Asif Ali Talk About Rithu Movie And Nishan Movie