ഇപ്പോഴും എന്റെ ടേണിങ് പോയിന്റ് ആ ചിത്രം തന്നെയാണ്: ആസിഫ് അലി
Entertainment
ഇപ്പോഴും എന്റെ ടേണിങ് പോയിന്റ് ആ ചിത്രം തന്നെയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 1:11 pm

തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആസിഫ് ഇന്ന് മികച്ച ഒരു നടനായി മാറി കഴിഞ്ഞു. തലവൻ, ലെവൽ ക്രോസ്, കിഷ്കിണ്ഡ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

തന്റെ കരിയറിലെ ടേണിങ് പോയിന്റ് ആയിട്ടുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ആദ്യ ചിത്രമായ ഋതു തന്നെയാണ് ടേണിങ് ആയതെന്നും അതിന് ശേഷം വന്ന കഥ തുടരുന്നു, ഹണി ബീ തുടങ്ങിയ സിനിമകൾ ഒരു സ്ഥാനം നേടി തന്നെന്നും ആസിഫ് അലി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഋതു തന്നെയായിരുന്നു ടേണിങ് പോയിന്റ്. തൊടുപുഴയിലെ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഒരാൾ ബിഗ് സ്ക്രീനിൽ എത്തുക എന്നതുതന്നെ വഴിത്തിരിവായിരുന്നു. പിന്നെ സത്യേട്ടന്റെ (സത്യൻ അന്തിക്കാട്) കഥ തുടരുന്നു എന്ന സിനിമയിലൂടെ കുടുംബപ്രേക്ഷകരിലേക്ക് എത്താനായി.

കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചാനും ഉയരെയിലെ ഗോവിന്ദുമടക്കമുളള കഥാപാത്രങ്ങളെ പറ്റി ആളുകൾ പറയാറുണ്ട്. ഹണീബി വേറൊരു തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. കിളി പോയിക്ക് യൂത്തിനിടയിൽ സ്വീകാര്യത കിട്ടി. എന്റെ സ്വഭാവത്തിനും പ്രായത്തിനും യോജിച്ച സിനിമകൾ വന്നു,’ആസിഫ് പറയുന്നു.

മലയാള സിനിമയിലെ ഈ വർഷത്തെ സിനിമകളെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുമെല്ലാം ആസിഫ് കൂട്ടിച്ചേർത്തു.

‘മലയാള സിനിമയ്ക്ക് അഭിമാനം നിറഞ്ഞ വർഷമാണിത്. നമ്മുടെ സിനിമകൾ കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. നൂറും ഇരുന്നൂറും കോടികൾ സ്വന്തമാക്കി. അത്രയും പ്രധാനപ്പെട്ട വർഷത്തിന്റെ രണ്ടാംപകുതിയിൽ ഇങ്ങനെ വിഷമിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായി. പക്ഷേ, ഇത്രയും വലിയ മാറ്റത്തിന് തുടക്കം കുറിച്ചത് മലയാള സിനിമയാണെന്നതിനെ പോസിറ്റീവായി കാണുന്നു,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Rithu Movie