തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
കരിയറിന്റെ തുടക്കത്തിൽ ആസിഫ് അലി ചെയ്ത സിബി മലയിൽ ചിത്രമായിരുന്നു അപൂർവരാഗം. വലിയ ശ്രദ്ധ നേടിയ ചിത്രത്തിലെ ഒരു ഗാനരംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തനിക്ക് ഡാൻസ് കളിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതിനാൽ അന്ന് ഷോട്ട് ഒരുപാട് നീണ്ടുപോയെന്നും അന്ന് ധൈര്യം പകർന്നത് സിബി മലയിലിന്റെ വാക്കുകളാണെന്നും ആസിഫ് അലി പറയുന്നു.
തനിക്ക് എന്തും പറയാൻ കഴിയുന്ന ആളാണ് അദ്ദേഹമെന്നും ഒന്നിച്ചിരിക്കുമ്പോൾ താൻ അധികവും ചോദിക്കാറുള്ളത് മോഹൻലാലിനെ കുറിച്ചാണെന്നും ആസിഫ് അലി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘അപൂർവരാഗത്തിലെ ഒരു കോളേജ് സോങ് ആയിരുന്നുവത്. ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിൽ വെച്ചാണ് ആ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. കോളേജിൽ ഒരു ഷൂട്ടിങ് വളരെ പ്രയാസമുള്ള കാര്യമാണ്. രാവിലെ ഏഴ് മണിക്ക് ഷോട്ടൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്.
ചുറ്റും ആളുകൾ ഇങ്ങനെ നോക്കി കൊണ്ട് നിൽക്കുകയാണ്. ഒരു 7.30 ഒക്കെയായപ്പോൾ അജയൻ വിൻസെന്റ് സാർ ക്യാമറയൊക്കെ വെച്ച് ഫ്രെയിം സെറ്റ് ചെയ്തു. ഞാൻ മുടി ഫുൾ ജെല്ലൊക്കെ ചെയ്ത് ജാക്കറ്റൊക്കെയിട്ട് ഡാൻസ് ചെയ്യാൻ നിൽക്കുകയാണ്. പക്ഷെ 7.30 മണിക്ക് ഷൂട്ട് തുടങ്ങിയിട്ട് എന്റെ ഫസ്റ്റ് ടേക്ക് ഓക്കെയാവുന്നത് 11 മണിക്കാണ്.
മലയാളം റാപ്പാണ് എനിക്ക് പറയാനുള്ളത്. അതിന്റെ കൂടെ സ്റ്റെപ്പുമുണ്ട്. ഞാൻ വെയിൽ കൊണ്ട് കരിഞ്ഞ് എന്റെ ജെല്ലൊക്കെ ഉരുകിയൊലിച്ച് മുഖത്തെത്തി. ഞാൻ സിബി സാറോട് പറഞ്ഞു, എനിക്ക് ഡാൻസ് അറിയാൻ പാടില്ലായെന്ന്. ആത്മഹത്യയെ പറ്റിവരെ നമ്മൾ ചിന്തിക്കുന്ന ഒരു സമയമാണത്.
സിബി സാർ എനിക്കൊരു അച്ഛനെ പോലെയാണ്. സിനിമ മാത്രമല്ല, എനിക്ക് എന്ത് കാര്യവും ചോദിക്കാൻ പറ്റുന്ന സംസാരിക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോൾ എപ്പോഴും ഞാൻ മോഹൻലാൽ കഥകളാണ് ചോദിക്കുക. എനിക്ക് അത്രയും ഫ്രീഡമുള്ള ഒരാളാണ് സിബി സാർ.
ഇത് കുഴപ്പമില്ല, നിനക്ക് പറ്റുമെന്നെല്ലാം സിബി സാറാണ് എന്നോട് പറഞ്ഞത്. ആദ്യം വേണ്ടത് സ്റ്റെപ്പ് പഠിക്കുകയെന്നതല്ല, ഒരു കോൺഫിഡൻസാണെന്നും ഇത് നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമെന്നുള്ള ഒരു തോന്നൽ ആദ്യം മനസിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ സ്വർണത്തിന്റെ മൂല്യമുള്ളതാണ്. ഇപ്പോഴും ജീവിതത്തിൽ എന്തുകാര്യവും ചെയ്യാൻ തീരുമാനിച്ചാൽ ഞാൻ ഓർക്കുക ആ വാക്കുകളാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About Relation With Sibi Malayil