ഈയിടെ നടനും സംവിധായകനുമായ നാദിർഷ അമർ അക്ബർ അന്തോണി എന്ന ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ചെയ്ത വേഷത്തിലേക്ക് ആസിഫ് അലിയെയും പരിഗണിച്ചിരുന്നുവെന്നും എന്നാൽ ക്ലാസ്സ്മേറ്റ്സ് സിനിമയിൽ അഭിനയിച്ചവർ വീണ്ടും ഒന്നിക്കുമ്പോൾ കുറച്ചുകൂടെ നന്നാവുമെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും നാദിർഷ പറഞ്ഞിരുന്നു.
എന്നാൽ അമർ അക്ബർ അന്തോണിയിൽ നിന്ന് പൃഥ്വിരാജ് ആസിഫ് അലിയെ മാറ്റിയെന്ന തരത്തിലായിരുന്നു പലരും ഇതിനെ കണ്ടത്. ഇത് തനിക്ക് വലിയ വിഷമമുണ്ടാക്കുന്നുണ്ടെന്ന് ആസിഫ് അലി പറയുന്നു. വ്യക്തിപരമായി സിനിമയിൽ ഏറെ അടുപ്പമുള്ള ആളാണ് പൃഥ്വിരാജെന്നും അദ്ദേഹത്തിന്റെ വാക്കുകൾ പലരും തെറ്റിദ്ധരിക്കുകയാണെന്നും ആസിഫ് അലി പറയുന്നു.
ഒരു അപകടം പറ്റി വീട്ടിൽ വിശ്രമിച്ചിരുന്ന സമയത്ത് തന്നെ എന്നും വിളിച്ചിരുന്നത് പൃഥ്വിരാജ് ആണെന്നും ഇപ്പോൾ താനും പൃഥ്വിരാജും തമ്മിൽ പ്രശ്നമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും ആസിഫ് പറഞ്ഞു. ഇന്ത്യൻ സിനിമ ഗാലറിയോട് സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് വ്യക്തിപരമായി ഏറ്റവും വിഷമം തോന്നിയ കാര്യം, ഞാൻ ആക്സിഡന്റ് പറ്റി വീട്ടിൽ കിടന്ന സമയത്ത് എന്നെ എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചത് രാജുവേട്ടൻ ആയിരുന്നു. സുപ്രിയ ചേച്ചിയും വിളിക്കും. എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ സമയെ വിളിക്കും. സമയോട് കാര്യങ്ങൾ തിരക്കും.
സർജറി കഴിഞ്ഞാലും നീ ശ്രദ്ധിക്കണമെന്നും മൂന്ന് മാസം തീർച്ചയായും റസ്റ്റ് എടുക്കണമെന്നുമെല്ലാം എന്നോട് പറഞ്ഞത് രാജുവേട്ടൻ ആയിരുന്നു. അങ്ങനെ വരെ എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്കത് വലിയ വിഷമമായി,’ആസിഫ് അലി പറയുന്നു.
അമർ അക്ബർ അന്തോണിയിൽ താൻ അഭിനയിച്ചാൽ ഒരു അനിയനെ പോലെയാവും പ്രേക്ഷകർക്ക് തോന്നുകയെന്നും അവർ മൂന്ന് പേരെ കണ്ടാണ് നമ്മൾ ആ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
‘അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോൾ പൃഥ്വി എന്ന് പറയുന്നത് എല്ലാവർക്കും മനസിലാവാൻ വേണ്ടിയാണ്. ഞാൻ രാജുവേട്ടാ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർത്ഥം. അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ബേസിലാണ് അത് പറഞ്ഞത്.
കാരണം അവർ മൂന്ന് പേരുമാണെങ്കിൽ കറക്റ്റ് ആയിരിക്കും. ആ സ്ക്രീൻ സ്പേസിൽ ഞാൻ പോയി നിന്നാൽ കാണുന്ന പ്രേക്ഷകർക്ക് എന്നെ ചിലപ്പോൾ ഒരു അനിയനെ പോലേ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയിൽ നിന്ന് മാറ്റണം എന്നല്ല പറഞ്ഞത്. അത് നാദിർക്ക പറഞ്ഞതും നിങ്ങൾക്ക് കിട്ടിയതിന്റെയും ആയിട്ടുള്ള വ്യത്യാസമാണ്.
ഞാനായിരുന്നു അവരിൽ ഒരാൾ എങ്കിൽ ഒരിക്കലും ആ സിനിമക്ക് അത്രയും സ്വീകാര്യത കിട്ടില്ല. ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോവാൻ നമ്മൾ തീരുമാനിക്കുന്നത് തന്നെ ആ മൂന്ന് പേരെ കണ്ടിട്ടാണ്,’ആസിഫ് പറഞ്ഞു.
Content Highlight: Asif Ali Talk About Relation With Prithviraj