| Friday, 31st May 2024, 11:16 am

നീയും ബിജുവേട്ടനും തമ്മിൽ ഒരു സാമ്യമുണ്ടെന്നായിരുന്നു ആ സംവിധായകൻ അന്ന് പറഞ്ഞത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രമായ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഓർഡിനറി, അനുരാഗ കരിക്കിൻ വെള്ളം, കവി ഉദേശിച്ചത് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

തങ്ങൾ തമ്മിൽ നല്ല രസമുള്ള ബന്ധമുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് ആസിഫ് പറയുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സംവിധായകൻ ഖാലിദ് റഹ്മാൻ അത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കവി ഉദ്ദേശിച്ചത് ഷൂട്ട്‌ ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പന്ത്രണ്ട് മണിയൊക്കെ ആവുമ്പോൾ ഞാൻ ബിജു ചേട്ടനോട് ചോദിക്കും, നമുക്ക് കിടന്നാലോയെന്ന്. അപ്പോൾ ബിജു ചേട്ടൻ പറയും, ഓ നീ ഇതിന്റെ പ്രൊഡ്യൂസർ ആണല്ലേയെന്ന്.

ഞാനിപ്പോഴും നീയൊരു കൊച്ചു ചെറുക്കനാണെന്ന് കരുതി എന്ന് ബിജു ചേട്ടൻ പറയും. നല്ല രസമുള്ള ഒരു റിലേഷൻ ഞങ്ങൾ തമ്മിലുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വളരെ കംഫർട്ടബിളാണ്.

അനുരാഗ കരിക്കിൻ വെള്ളത്തിൽ കാസ്റ്റ് ചെയ്തപ്പോൾ റഹ്മാൻ എന്നോട് പറഞ്ഞിട്ടുണ്ട്, എടോ ശരിക്കും നീയും ബിജു ചേട്ടനും തമ്മിൽ കാണാനും സ്വഭാവത്തിലുമെല്ലാം സാമ്യം തോന്നിയിട്ടുണ്ടെന്ന്. അത് സിനിമയിൽ നന്നായി വർക്ക്‌ ആയിട്ടുണ്ട്.

ആ സിനിമയിലെ കഥാപാത്രങ്ങൾ തമ്മിൽ ഒരു ബോണ്ടിങ് ഉണ്ടെങ്കിൽ പോലും തമ്മിൽ കാണാറില്ല, സംസാരിക്കാറില്ല ഒരു അകൽച്ച എപ്പോഴുമുണ്ട്. അതൊക്കെ നന്നായി തന്നെ വർക്ക്‌ ആയിട്ടുണ്ട്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Relation With Biju Menon

We use cookies to give you the best possible experience. Learn more