രാജുവേട്ടൻ പറഞ്ഞതിന്റെ അർത്ഥം അതല്ല, ആ സ്‌ക്രീൻ സ്പേസിൽ ഞാൻ നിന്നാൽ അനിയനെ പോലെയാവും തോന്നുക: ആസിഫ് അലി
Entertainment
രാജുവേട്ടൻ പറഞ്ഞതിന്റെ അർത്ഥം അതല്ല, ആ സ്‌ക്രീൻ സ്പേസിൽ ഞാൻ നിന്നാൽ അനിയനെ പോലെയാവും തോന്നുക: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st June 2024, 8:02 am

ഈയിടെ നടനും സംവിധായകനുമായ നാദിർഷ അമർ അക്ബർ അന്തോണി എന്ന ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ചെയ്ത വേഷത്തിലേക്ക് ആസിഫ് അലിയെയും പരിഗണിച്ചിരുന്നുവെന്നും എന്നാൽ ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ അഭിനയിച്ചവർ വീണ്ടും ഒന്നിക്കുമ്പോൾ കുറച്ചുകൂടെ നന്നാവുമെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും നാദിർഷ പറഞ്ഞിരുന്നു.

എന്നാൽ അമർ അക്ബർ അന്തോണിയിൽ നിന്ന് പൃഥ്വിരാജ് ആസിഫ് അലിയെ മാറ്റിയെന്ന തരത്തിലായിരുന്നു പലരും ഇതിനെ കണ്ടത്. എന്നാൽ അതൊരു തെറ്റിധാരണയാണെന്നും പൃഥ്വിരാജ് അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ബേസിലാണ് അത് പറഞ്ഞതെന്നും ആസിഫ് പറയുന്നു. ആ സ്ക്രീൻ സ്പേസിൽ ഞാൻ നിന്നാൽ ഒരു അനിയനെ പോലെ തോന്നുമെന്നും നാദിർഷ പറഞ്ഞത് നിങ്ങൾക്ക് കിട്ടിയതിന്റെ പ്രശ്നമാണെന്നും ആസിഫ് പറഞ്ഞു. ഇന്ത്യൻ സിനിമ ഗാലറിയോട് സംസാരിക്കുകയായിരുന്നു താരം.

‘അതൊരു ഭയങ്കര തെറ്റിധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോൾ പൃഥ്വി എന്ന് പറയുന്നത് എല്ലാവർക്കും മനസ്സിലാവാൻ വേണ്ടിയാണ്. ഞാൻ രാജുവേട്ടാ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർത്ഥം. അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ബേസിലാണ് അത് പറഞ്ഞത്.

കാരണം അവർ മൂന്ന് പേരുമാണെങ്കിൽ കറക്റ്റ് ആയിരിക്കും. ആ സ്ക്രീൻ സ്പേസിൽ ഞാൻ പോയി നിന്നാൽ കാണുന്ന പ്രേക്ഷകർക്ക് എന്നെ ചിലപ്പോൾ ഒരു അനിയനെ പോലേ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയിൽ നിന്ന് മാറ്റണം എന്നല്ല പറഞ്ഞത്. അത് നാദിർക്ക പറഞ്ഞതും നിങ്ങൾക്ക് കിട്ടിയതിന്റെയും ആയിട്ടുള്ള വ്യത്യാസമാണ്.

ഞാനായിരുന്നു അവരിൽ ഒരാൾ എങ്കിൽ ഒരിക്കലും ആ സിനിമക്ക് അത്രയും സ്വീകാര്യത കിട്ടില്ല. ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോവാൻ നമ്മൾ തീരുമാനിക്കുന്നത് തന്നെ ആ മൂന്ന് പേരെ കണ്ടിട്ടാണ്. എനിക്ക് വ്യക്തിപരമായി ഏറ്റവും വിഷമം തോന്നിയ കാര്യം, ഞാൻ ആക്സിഡന്റ് പറ്റി വീട്ടിൽ കിടന്ന സമയത്ത് എന്നെ എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചത് രാജുവേട്ടൻ ആയിരുന്നു. സുപ്രിയ ചേച്ചിയും വിളിക്കും. എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ സമയെ വിളിക്കും.

സർജറി കഴിഞ്ഞാലും നീ ശ്രദ്ധിക്കണമെന്നും മൂന്ന് മാസം തീർച്ചയായും റസ്റ്റ് എടുക്കണമെന്നുമെല്ലാം എന്നോട് പറഞ്ഞത് രാജുവേട്ടൻ ആയിരുന്നു. അങ്ങനെ വരെ എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന ആളാണ്.

ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്കത് വലിയ വിഷമമായി,’ആസിഫ് അലി പറയുന്നു.

 

Content Highlight: Asif Ali Talk About Prithviraj and  Amar Akbar Anthony Casting