തിയേറ്ററിൽ വലിയ വിജയമായ ചിത്രമായിരുന്നു ഓർഡിനറി. സുഗീത് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലൊക്കേഷനിൽ ക്രിക്കറ്റ് കളിച്ച ഓർമകൾ പങ്കുവെക്കുകയാണ് ആസിഫ് അലി. തങ്ങൾ താമസിച്ചിരുന്ന വീട്ടിനുള്ളിൽ അന്ന് സ്ഥിരമായി ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും സി. സി.എല്ലിനെക്കാൾ സ്റ്റാർ കാസ്റ്റ് ഉള്ള മാച്ച് ആയിരുന്നു അതെല്ലാമെന്ന് ആസിഫ് അലി പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഓർഡിനറി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ച വീടിന്റെ അകത്ത് വൺ പിച്ച് ഔട്ട് കളിക്കുമായിരുന്നു. ഞാൻ ചാക്കോച്ചൻ, ബിജുവേട്ടൻ എനിക്ക് തോന്നുന്നത് സി.സി.എല്ലിനെക്കാൾ സ്റ്റാർ കാസ്റ്റ് ഉള്ളൊരു മാച്ച് ആയിരുന്നു അത്.
വീടിന്റെ ഡൈനിങ് ടേബിളൊക്കെ എടുത്ത് പുറത്തിട്ടിട്ട് എല്ലാ ദിവസവും ഞങ്ങൾ വൺ പിച്ച് ഔട്ട് ക്രിക്കറ്റ് കളിക്കുമായിരുന്നു,’ആസിഫ് അലി പറയുന്നു.
ബിജു മേനോന്റെ പഴയ ഒരു ഐഡന്റിറ്റി കാർഡിന്റെ ചിത്രം ഒരു ടൈമിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആ ഐ.ഡി കാർഡിന്റെ ഫോട്ടോ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വരെ ഷെയർ ചെയ്തിരുന്നു.
സഞ്ജുവിന് ഐ.ഡി കാർഡിന്റെ ചിത്രം അയച്ചു കൊടുത്തത് താൻ ആണെന്നും തങ്ങൾ ഇടയ്ക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമെന്നും ബിജു മേനോൻ പറയുന്നു. സഞ്ജു പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഒരുപാടാളുകൾ അത് കാണുന്നതെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു.
‘സഞ്ജുവിന് ആ ഫോട്ടോ ഞാനാണ് അയച്ച് കൊടുത്തത്. പിന്നെ ക്രിക്കറ്റിന്റെ കാര്യങ്ങൾ ഇടയ്ക്ക് സംസാരിക്കും. എന്റെ ആ കാർഡ് കുറേ കാലത്തിന് ശേഷം എന്തൊക്കെയോ തപ്പിയപ്പോൾ കിട്ടി.
ഞാൻ അത് സഞ്ജുവിന് അയച്ചു കൊടുത്തു. സഞ്ജു അത് പോസ്റ്റ് ചെയ്തതിന് ശേഷമാണ് എല്ലാവരും കാണുന്നത്. സഞ്ജുവിന്റെ കൂടെ ക്രിക്കറ്റ് ഒന്നും കളിച്ചിട്ടില്ല.
അങ്ങനെയുള്ള ഭയങ്കര സൗഹൃദമൊന്നുമില്ല,’ബിജു മേനോൻ പറയുന്നു.
Content Highlight: Asif ali Talk About Ordinary Movie Location Memories