ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തലവൻ എന്ന ജിസ് ജോയ് ചിത്രവും മികച്ച അഭിപ്രായം തിയേറ്ററിൽ നേടിയിരുന്നു. എന്നാൽ ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആസിഫ് അലി ഒരു അന്യഭാഷ ചിത്രത്തിന്റെ ഭാഗമായിട്ടില്ല.
ഒരുപാട് സിനിമകളിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിരുന്നുവെന്നും അന്നൊക്കെ മലയാളത്തിൽ മികച്ച സിനിമകൾ ചെയ്യുകയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. ഒരു അന്യഭാഷ ചിത്രം ഉടനെ സംഭവിക്കുമെന്നും ആസിഫ് അലി മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എനിക്ക് തീർച്ചയായും ആഗ്രഹമുണ്ട്. ഞാൻ ഇതിന് മുമ്പ് പറഞ്ഞിട്ടുമുണ്ട്. എനിക്ക് അന്യഭാഷയിൽ നിന്ന് അവസരങ്ങൾ വന്ന സമയത്ത് അതിനേക്കാൾ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അല്ലെങ്കിൽ അതിനേക്കാൾ നല്ല സിനിമകൾ എനിക്ക് മലയാളത്തിൽ ഉണ്ടായിരുന്നു.
അപ്പോൾ അതുകൊണ്ടാണ് അത് സംഭവിക്കാതെ ഇരുന്നത്. പക്ഷെ തീർച്ചയായും എനിക്ക് ആഗ്രഹമുണ്ട്. ഉടനെ തന്നെ അത് സംഭവിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു നാലഞ്ചു വർഷങ്ങളായി പല പല സിനിമകൾ സംസാരിക്കുന്നുണ്ട്. ചിലപ്പോൾ ഞാൻ മാറും അല്ലെങ്കിൽ എന്നെ മാറ്റും. അങ്ങനെ ആയിരുന്നു,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About offers From Other Language