ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. നവാഗതനായ നഹാസ് നാസറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സമൂഹത്തിലെ രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് അപരിചിതര്‍ പരിചയത്തിലാകുന്ന കഥയാണ് അഡിയോസ് അമിഗോ പറയുന്നത്. ആസിഫ് അലിയുടെ മികച്ച പ്രകടനം കാണാൻ സാധിച്ച ചിത്രമായിരുന്നു അഡിയോസ് അമിഗോ. ചിത്രത്തില്‍ ആസിഫിന്റെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും ചര്‍ച്ചയായിരുന്നു.
പറവൂർ സ്ലാങ്ങാണ് ചിത്രത്തിൽ താൻ സംസാരിക്കുന്നതെന്നും അതിന് റഫറൻസായി എടുത്തത് യുവനടൻ നസ്‌ലന്റെ സിനിമകളാണെന്നും ആസിഫ് അലി പറയുന്നു. തനിക്ക് നന്നായി അറിയുന്ന ജീവിച്ചിരിക്കുന്ന പറവൂർക്കാരൻ നസ്‌ലനാണെന്നും ആസിഫ് അലി പറഞ്ഞു. സിലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഡിയോസ് അമിഗോയുടെ കഥ തങ്കം പറയുമ്പോൾ തന്നെ അതിനകത്തൊരു ഇടുക്കി സ്ലാങ്ങുണ്ട്. അതാണ് എന്റെ മനസിലേക്ക് കയറി കൊണ്ടിരിക്കുന്നത്. ഒടുവിൽ ഞങ്ങൾ എത്തിയ ഒരു തീരുമാനമായിരുന്നു പറവൂർ ഭാഷ സംസാരിക്കുന്ന ഒരു പറവൂർക്കാരനെ വേണമെന്ന്.
പറവൂർ ഭാഷയുടെ പ്രത്യേകത, അത് കൊച്ചി ഭാഷയുമല്ല തൃശൂർ ഭാഷയുമല്ല. എന്നാൽ വതൂരി എന്ന വാക്കടക്കം അതിനകത്തുണ്ട്. അങ്ങനെ ആലോചിച്ചപ്പോഴാണ് സിറിൾ എന്ന അവരുടെയൊരു സുഹൃത്തിനെ കുറിച്ച് പറയുന്നത്. അദ്ദേഹം ഒരു പൊലീസ് ഓഫീസറാണ്. അദ്ദേഹത്തിന്റെ സമയം നോക്കി തങ്കവും അദ്ദേഹവും കൂടെ ഒന്നിച്ച് സ്ക്രിപ്റ്റ് വായിക്കും.
സിറിൾ അത് മോഡുലേറ്റ് ചെയ്യും. ഞാൻ അത് എന്റെ രീതിയിൽ പറഞ്ഞുനോക്കും. ഒരു പരിധി വരെ നസ്‌ലന്റെ സിനിമകൾ ഞാൻ കണ്ടുനോക്കിയിരുന്നു.
കാരണം ജീവിച്ചിരിക്കുന്നതിൽ എനിക്ക് ഏറ്റവും നന്നായി അറിയുന്ന ഒരു പറവൂർക്കാരൻ അവനാണ്. അവിടെ സീനിയോരിറ്റി നോക്കേണ്ട ആവശ്യമില്ല, എങ്ങനെയെങ്കിലും കാര്യം നടക്കുകയെന്നതാണ് പ്രധാനം,’ആസിഫ് അലി പറയുന്നു