| Wednesday, 22nd May 2024, 8:45 am

നന്നായി ആസ്വദിച്ച് കേട്ട ആ കഥകളുടെ കണ്ടന്റ് സിനിമയായപ്പോൾ നഷ്ടമായിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മികച്ച തുടക്കം ലഭിച്ച നടനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് സിബി മലയിൽ, ശ്യാമ പ്രസാദ് തുടങ്ങി മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ ആസിഫ് അലിക്ക് കഴിഞ്ഞിട്ടുണ്ട് വിജയ പരാജയങ്ങൾ ഒരുപോലെയുള്ള യുവ നടനാണ് ആസിഫ്.

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ സ്ക്രിപ്റ്റിന്റെ നറേഷനാണ് താൻ പ്രാധാന്യം കൊടുക്കാറുള്ളതെന്നും എന്നാൽ നന്നായി കഥ പറയുന്നവർക്ക് ചിലപ്പോൾ നന്നായി സിനിമകൾ ചെയ്യാൻ കഴിയാറില്ലെന്നും ആസിഫ് അലി പറയുന്നു. നന്നായി ആസ്വദിച്ച കേട്ട പല കഥകളും സിനിമയാകുമ്പോൾ വിചാരിച്ച പോലെ ആവാറില്ലെന്നും താരം കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘ഒരു കഥയുടെ നറേഷനിലാണ് അതിനെ കുറിച്ചുള്ള ജഡ്ജ്മെന്റ് ഞാൻ തീരുമാനിക്കുന്നത്. എന്റെ അടുത്ത് കഥ പറയാൻ വരുന്നവരോട് ഞാൻ പറയാറ്, എന്നോട് കഥ പറയരുത്, ഒരു സിനിമ പോലെ അത് വിവരിക്കണം എന്നാണ്.

അതിന് ചിലപ്പോൾ ഒരുപാട് സമയം എടുത്താലും ഒരു ഫുൾ നറേഷനാണ് എനിക്ക് കേൾക്കേണ്ടത്. അതിലാണ് ഞാൻ ആ സിനിമയെ ജഡ്ജ് ചെയ്യുക. നന്നായി കഥ പറയാൻ കഴിയുന്ന ഒരാൾക്ക് ചിലപ്പോൾ നല്ലൊരു സിനിമ മേക്ക് ചെയ്യാൻ പറ്റണമെന്നില്ല. നന്നായി ആസ്വദിച്ചു കേൾക്കുന്ന പല കഥകളും അതിന്റെ ഒരു സിനിമാറ്റിക്ക് എക്സ്പീരിയൻസിലോട്ട് വരുമ്പോൾ കണ്ടന്റ് നഷ്ടപ്പെടാറുണ്ട്,’ആസിഫ് അലി പറയുന്നു.

എല്ലാ സിനിമയും ഒരുപോലെയാണ് താൻ തെരഞ്ഞെടുക്കാറെന്നും പരാജയ ചിത്രങ്ങളുടെയും കോർ കണ്ടന്റ് തന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാറുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.

‘എല്ലാ സിനിമയും ചെയ്യുമ്പോഴും ഒരേ പേടിയും ഒരേ ടെൻഷനുമാണ്. എല്ലാ സിനിമയിലും ഞാൻ ജോയിൻ ചെയ്യുന്നതിന് മുമ്പ് ഞാൻ എടുക്കുന്ന എഫേർട്ടും തയ്യാറെടുപ്പുകളും ഒന്നാണ്.

കൃത്യമായ രീതിയിൽ നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ പറ്റുന്നില്ല എന്നതാണ് പലപ്പോഴും ഒരു പ്രശ്നമാവുന്നത്. വളരെ മോശമാവുന്ന സിനിമകളുടെ പോലും കോർ കണ്ടന്റ് എന്നത് ഒരുപാട് എക്സൈറ്റിങ് ആയിരിക്കും.

പക്ഷെ അത് ഡെവലപ്പ് ചെയ്തു വരുന്ന പ്രോസസിലേക്ക് വരുമ്പോൾ ചിലപ്പോൾ എന്റെ ഭാഗത്ത്‌ നിന്ന് വ്യത്യാസമുണ്ടാവും. ചിലപ്പോൾ ഞാൻ ജഡ്ജ് ചെയ്ത പോലൊരു സിനിമയിലേക്ക് അത് എത്താറില്ല. അങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങളുണ്ട്. അതുകൂടെ പരിഹരിക്കണം,’ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talk About His Script Selection Process

We use cookies to give you the best possible experience. Learn more