| Monday, 15th July 2024, 3:39 pm

ഹോട്ടലിലുള്ളവര്‍ക്ക് ആ ലുക്കില്‍ എന്നെ തിരിച്ചറിയാനായില്ല; അവരുടെ കണ്ണില്‍ ഞാന്‍ ഡബിള്‍ ആയിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായെത്തുന്ന ‘ലെവല്‍ ക്രോസ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്.

ആസിഫിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ‘തലവന്‍’ തീയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. കാഴ്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായാണ് താരം ലെവൽ ക്രോസിൽ എത്തുന്നത്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് സിനിമ സംവിധാനം ചെയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താമസിച്ചിരുന്ന ഹോട്ടലിലുള്ളവർക്ക് തന്റെ സിനിമയിലെ ഗെറ്റപ്പും ഒറിജിനൽ ലുക്കും കണ്ട് രണ്ടും ഒരാളാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പറയുകയാണ് ആസിഫ് അലി. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് പറഞ്ഞു കഴിഞ്ഞാൽ മേക്കപ്പ് ഊരി കളയാൻ എളുപ്പമാണല്ലോ. ഷൂട്ടൊക്കെ കഴിഞ്ഞ് ഞാൻ മുഖമൊക്കെ കഴുകി, പല്ലൊക്കെ മാറ്റി ഫ്രഷായി എന്റെ മുടിയൊക്കെ ചീകി കൂളിങ് ഗ്ലാസൊക്കെ വെച്ചാണ് തിരിച്ച് ഹോട്ടലിലേക്ക് പോവുക.

പക്ഷെ രാവിലെ ഹോട്ടലിൽ നിന്ന് ഇറങ്ങി പോവുന്ന എന്നെയും വൈകുന്നേരം വരുന്ന എന്നെയും അവർക്ക് അറിയാൻ പാടില്ല. കാരണം അവരുടെ കണ്ണിൽ രാവിലെ ഇറങ്ങി പോവുന്ന ആളല്ല വൈകുന്നേരം തിരിച്ചു വരുന്നത്. രാവിലെ പോവുന്ന ആൾ തിരിച്ചു വരുന്നില്ല, വെകുന്നേരം വരുന്ന ആൾ രാവിലെ പുറത്തേക്ക് പോവുന്നുമില്ല. ശരിക്കും ആ ഒരു കൺഫ്യൂഷൻ അവിടെ ഒരാഴ്ച ഉണ്ടായിരുന്നു.

കാരണം അവിടെ വരുന്നത് വലിയ എക്സ്ക്ലൂസിവായ ടൂറിസ്റ്റുകൾ മാത്രമാണ്. ഞങ്ങൾ ഷൂട്ട്‌ ചെയ്യുന്ന സ്ഥലം അങ്ങനെ വലിയ വിനോദ സഞ്ചാര കേന്ദ്രമൊന്നുമല്ല. അവിടുത്തെ ലൊക്കേഷൻസ് കാണാനും, മരുഭൂമിയിലൂടെ യാത്ര ചെയ്യാനുമെല്ലാമാണ് സഞ്ചാരികൾ വരുന്നത്.

അങ്ങനെ ഒരു ലെവലിലുള്ള ആളുകളാണ് ആ ഹോട്ടലിൽ വരുന്നത്. അവരുടെ ഇടയിലൂടെ ഒരു കീറിയ പാന്റും ഒരു ഷർട്ടും ഇട്ടുകൊണ്ട് ഈ ലുക്കിൽ ഒരാൾ വളരെ കോൺഫിഡൻസിൽ ഇറങ്ങി പോവുന്നുണ്ട്, എന്നാൽ അയാൾ വൈകുന്നേരം തിരിച്ചു വരുന്നില്ല. പക്ഷെ അയാൾ എപ്പോഴാണ് റൂമിൽ കയറുന്നതെന്ന് അവർക്ക് അറിയില്ല. ഇത് രണ്ടും രണ്ടാളുകളാണ് എന്നാണ് അവിടെ എല്ലാവരും കരുതിയത്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif ali Talk About His Getup In Level Cross Movie

We use cookies to give you the best possible experience. Learn more