Entertainment
ട്രൗസറും ടീ ഷർട്ടും ഇട്ട് നടക്കുന്ന എനിക്ക് ആ സിനിമയുടെ സെറ്റിൽ അതിന് കഴിയില്ലായിരുന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 01, 11:21 am
Tuesday, 1st October 2024, 4:51 pm

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്ന ചിത്രങ്ങളും ഇപ്പോൾ തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കിഷ്കിന്ധാ കാണ്ഡവും ആസിഫിന്റെ കയ്യിൽ ഭദ്രമാണ്.

ഒരു കഥാപാത്രത്തിന്റെ ഗെറ്റപ്പ് സെറ്റായാൽ തന്നെ പകുതി പണി കഴിഞ്ഞെന്നും അഡിയോസ് അമിഗോയും ലെവൽ ക്രോസുമെല്ലാം ചെയ്യുമ്പോൾ അങ്ങനെയായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. എപ്പോഴും ട്രൗസറും ബനിയനും ഇട്ട് നടക്കുന്ന ആളാണ് താനെന്നും എന്നാൽ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആ ഗെറ്റപ്പിൽ നടക്കാൻ പറ്റില്ലായിരുന്നുവെന്നും ആസിഫ് പറഞ്ഞു. ഇതൊന്നും എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

 

‘അഡിയോസ് അമിഗോ ചെയ്യുന്ന സമയത്ത് എന്റെ പകുതി പണി ആ ഗെറ്റപ്പിലൂടെ തന്നെ തീർന്നിട്ടുണ്ട്. ലെവൽ ക്രോസിലേക്ക് വരുമ്പോഴും അങ്ങനെയാണ്.

ഒരു പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്ന രഘു എന്ന കഥാപാത്രത്തെ മേക്കപ്പിലൂടെ തന്നെ കൺവിൻസ് ചെയ്യാൻ കഴിയുന്നുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചൻ ചെയ്യുമ്പോഴും അങ്ങനെയായിരുന്നു.

സ്ലീവാച്ചൻ എന്ന കഥാപാത്രമാവാൻ ഞാൻ ഒരുപാട് ഫുഡ്‌ കഴിച്ചിരുന്നു. അതുപോലെ തന്നെ ഒരു പ്രധാന പ്രശ്നം, ഞാൻ നോർമലി ഇടുന്ന ഒരു വസ്ത്രവും എനിക്കിടാൻ കഴിയില്ലായിരുന്നു. ഞാനെപ്പോഴും ട്രൗസറും ടീ ഷർട്ടും ഇട്ട് നടക്കുന്ന ആളാണ്.

പക്ഷെ ആ ചിത്രത്തിന്റെ സെറ്റിൽ എനിക്കത് ഇടാൻ പറ്റുന്നില്ലായിരുന്നു. അന്ന് നിക്കറും ടീ ഷർട്ടും ഇട്ട് വരുമ്പോൾ എനിക്ക് തന്നെ കാണുമ്പോൾ കോമഡി വരും. ലൈഫിൽ എത്രപേർക്ക് കിട്ടും അങ്ങനെയൊരു ഭാഗ്യം. അത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്,’ആസിഫ് അലി പറയുന്നു.

 

Content Highlight: Asif Ali Talk About His Get Up In Movies