എന്റെ സിനിമകളിൽ ഭൂരിഭാഗവും നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്, പക്ഷെ പ്രേക്ഷകർ അവസരങ്ങൾ തരുന്നതായി തോന്നും: ആസിഫ് അലി
Entertainment
എന്റെ സിനിമകളിൽ ഭൂരിഭാഗവും നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്, പക്ഷെ പ്രേക്ഷകർ അവസരങ്ങൾ തരുന്നതായി തോന്നും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 9:18 am

ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് നടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ തന്റെ സിനിമകളിൽ ഭൂരിഭാഗവും നിരാശയാണ് സമ്മാനിച്ചതെന്നും ചില സിനിമകൾ വലിയ വിജയമാവുമ്പോൾ തന്നെ വിശ്വസിച്ച് ആളുകൾ അവസരം തരുന്നത് പോലെ തോന്നാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ഒരു സിനിമ എടുക്കുമ്പോൾ തുടക്കത്തിലെ ആവേശവും ടെൻഷനുമെല്ലാം ഇന്നുമുണ്ടെന്നും ആസിഫ് അലി മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ബാങ്ക് അക്കൗണ്ടിലുണ്ടായ വ്യത്യാസമല്ലാതെ, വ്യക്തിപരമായി കാര്യമായ മാറ്റങ്ങളൊന്നും ഇക്കാലയളവിൽ എനിക്കുണ്ടായിട്ടില്ലെന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. ഒരു സിനിമ ഏറ്റെടുക്കുമ്പോൾ തുടക്കക്കാരൻ്റെ അതേ ആവേശവും ടെൻഷനും ഇന്നുമുണ്ട്.

ഷൂട്ടിങ്ങിൻ്റെ തലേദിവസം ഉറങ്ങാൻ പറ്റാറില്ല. സിനിമകൾ ചെയ്യുമ്പോൾ അതേരീതിയിൽ ഞാൻ കൺഫ്യൂസ്‌ഡ് ആണ്. ഒരു നല്ല സിനിമ സെലക്ട് ചെയ്യാനുള്ള സമവാക്യം ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്. നമ്മൾ ചെയ്യാനുള്ളത് വൃത്തിയായിട്ട് ചെയ്യുക. ഇതൊരു നല്ല സിനിമയാണെന്നോ, നൂറുദിവസം ഓടുമെന്നോ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നോ ഒക്കെ പറഞ്ഞുകൊണ്ട് ഒരു സിനിമയും തെരഞ്ഞെടുക്കാനാവില്ല.

 

എന്റെ ഫിലിമോഗ്രഫി എടുത്തുനോക്കുക യാണെങ്കിൽ ഭൂരിപക്ഷം സിനിമകളും നിരാശയാണ് നൽകിയിട്ടുള്ളത്. പക്ഷേ, ചില സിനിമകൾ ചെയ്യുന്നത് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും അടുത്തവീട്ടിലെ പയ്യൻ എന്ന ഇമേജുള്ളതുകൊണ്ട് ഒരുപാട് അവസരങ്ങൾ ആളുകൾ തരുന്നതു പോലെയും എനിക്ക് തോന്നിയിട്ടുണ്ട്.

തലവൻ ഈ വർഷത്തെ എൻ്റെ ആദ്യത്തെ സിനിമയാണ്. അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ് ആണ് ഇനി റിലീസാവാനുള്ളത്. ഞാനും സുരാജേട്ടനും കേന്ദ്ര കഥാപാത്രങ്ങളായ അഡിയോസ് അമിഗോ എന്ന സിനിമയുടെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About His Filmography