| Thursday, 12th September 2024, 5:55 pm

എന്റെ റോൾ മോഡൽ അദ്ദേഹമാണ്, ആ പെരുമാറ്റം മാതൃകാപരം: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ എന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനം ഉയർന്നത് ആരും മറക്കാനിടയില്ല.

അന്ന് വിഷയത്തോട് പ്രതികരിച്ച ആസിഫിന്റെ നിലപാടിന് സോഷ്യൽ മീഡിയയും ചലച്ചിത്ര മേഖലയുമെല്ലാം ഒരുപോലെ കയ്യടിച്ചതാണ്. ആ സംഭവങ്ങളെല്ലാം അവിചാരിതമായിരുന്നുവെന്നും മുൻകൂട്ടി തയ്യാറാക്കിയ മറുപടിയല്ലായിരുന്നു അതെന്നും ആസിഫ് അലി പറയുന്നു.

സത്യസന്ധമായാണ് താൻ സംസാരിച്ചതെന്നും ഈ പക്വത എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചവരോട് തന്റെ ഉപ്പയുടെ പേരാണ് പറഞ്ഞതെന്നും ആസിഫ് പറയുന്നു. ഉപ്പ കറ കളഞ്ഞ രാഷ്ട്രീയകാരനാണെന്നും അദ്ദേഹം മറ്റുള്ളവരോട് സംസാരിക്കുന്നത് വലിയ രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ആസിഫ്.

’23-ാം വയസ്സിലാണ് ഞാൻ സിനിമയിലേക്കെത്തുന്നത്. ഇപ്പോൾ 38 ആയി. ആ പറഞ്ഞ സംഭവം തികച്ചും അവിചാരിതമായിരുന്നു. തുടർന്നുള്ള പത്രസമ്മേളനത്തിലെ എൻ്റെ മറുപടികളും മുൻകൂട്ടി തയ്യാറാക്കിയതല്ല.

സത്യസന്ധമായാണ് ഞാൻ സംസാരിച്ചത്. എങ്ങനെ ഇത്രയും പക്വത വന്നുവെന്ന് പലരും വിളിച്ചുചോദിച്ചു. ചിലർ ആരാണ് എൻ്റെ റോൾമോഡൽ എന്നും അന്വേഷിച്ചു. ബാപ്പ ഷൗക്കത്തലിയാണ് റോൾ മോഡൽ എന്നാണ് അവർക്ക് നൽകിയ മറുപടി.

ബാപ്പ കറകളഞ്ഞ രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തെ കാണാൻ ആളുകൾ വീട്ടിൽ വരുന്നതും അവരോട് ബാപ്പ സംസാരിക്കുന്നതും ചെറുപ്പത്തിലേ ഞാൻ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരമാണ്,’ആസിഫ് അലി പറയുന്നു.

അതേസമയം,’കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കിഷ്‌ക്കിന്ധാ കാണ്ഡം ഇന്ന് റിലീസ് ചെയ്തിരുന്നു. ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

Content Highlight: Asif Ali Talk About His Father

We use cookies to give you the best possible experience. Learn more