തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് സംവിധായകനായി കരിയർ തുടങ്ങുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന പേരിൽ ജിസ് അറിയപ്പെടാൻ തുടങ്ങി. ഏറ്റവും പുതിയ ചിത്രം തലവൻ എന്ന ക്രൈം ത്രില്ലറാണ്. ജിസ് ജോയിയുടെ എല്ലാ സിനിമയിലും ഭാഗമായിട്ടുള്ള ആളാണ് ആസിഫ് അലി.
തലവൻ എന്ന ചിത്രം ഫസ്റ്റ് ഡേ തിയേറ്ററിൽ കണ്ട അനുഭവം പറയുകയാണ് ആസിഫ് അലി. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള വാണിങ് കാർഡിൽ ശബ്‌ദം നൽകിയത് ജിസ് ജോയ് ആണെന്നും ജിസിന്റെ ശബ്‌ദം കേട്ട് ഇതിൽ അല്ലു അർജുൻ ഉണ്ടോയെന്ന് പലരും വിളിച്ച് ചോദിച്ചെന്നും ആസിഫ് അലി പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘അല്ലുവിന്റ മല്ലു സൗണ്ടിന്റെ ഏറ്റവും പുതിയ കോമഡി എന്താണെന്നാൽ തലവന്റെ പ്രീമിയർ ഷോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞങ്ങൾ ഒരുപാട് പേരുള്ള ഒരു തിയേറ്ററിൽ ഇരിക്കുകയാണ്.
അവിടെ പിൻ ഡ്രോപ്പ്സ് സൈലൻസാണ്. എല്ലാവർക്കും ടെൻഷനുണ്ട് സിനിമയുടെ ആദ്യത്തെ ഷോയാണ്. അങ്ങനെ സിനിമ തുടങ്ങി. വാണിങ് കാർഡ് കാണിക്കുകയാണ് ‘ പുകവലി ആരോഗ്യത്തിന് ഹാനികരം ‘ ഇത് പറഞ്ഞിരിക്കുന്നത് സംവിധായകനാണ്.
കാര്യം ബിജു ചേട്ടനും ഞാനും ഡബ്ബിങ്ങിന്റെ സമയത്ത് ഇത് പറയാൻ മറന്നുപോയി. അപ്പോൾ ജിസ് അത് പറഞ്ഞു. ആ നിശബ്ദതയിൽ ഞങ്ങൾ എല്ലാവരും കടിച്ച് പിടിച്ച് നിൽക്കുമ്പോൾ പിന്നിൽ നിന്നൊരാൾ,ഈ പടത്തിൽ അല്ലു അർജുൻ ഉണ്ടോയെന്ന് വിളിച്ചു ചോദിച്ചു.
ഫുൾ തിയേറ്റർ ഒരു ചിരി ചിരിച്ചു. കണ്ണടച്ചു കേട്ടാൽ അല്ലു അർജുനെ കാണാം. അല്ലു അർജുൻ ഇതിൽ ഗസ്റ്റ് റോളിലുണ്ടോ എന്നൊക്കെ തമാശ ചോദിക്കുന്നുണ്ട്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About First Day First Show Experience Of Thalavan Movie