| Saturday, 27th July 2024, 1:43 pm

അത്രയും പവർ കാണിച്ച അദ്ദേഹത്തിന് ഏത്‌ റോൾ ചെയ്യാനും എളുപ്പമാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മികച്ച ചിത്രമായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ സുരാജിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷം ഒരു ശതമാനം മാറിയിരുന്നെങ്കിൽ ഒരു മോണോ ആക്ട് പോലെ ആകുമായിരുന്നുവെന്നും ഹ്യൂമറിലൂടെ തന്റെ കരിയർ തുടങ്ങിയ സുരാജിന് എല്ലാ കഥാപാത്രങ്ങളും ചെയ്യാനും ഈസിയായിരിക്കുമെന്നും ആസിഫ് പറഞ്ഞു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം അഡിഗോസ് അമിഗോസിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അദ്ദേഹം ചെയ്ത വേഷം ഒരു ശതമാനം അങ്ങോട്ട് മാറിയാൽ മോണോ ആക്ട് ആയിപോവാം. അടുത്തതായി സ്റ്റേജിലേക്കൊരു വൃദ്ധൻ വരുന്നു എന്ന് പറയുന്ന പോലെയാവും അതുണ്ടാവുക.

പക്ഷെ അതൊരു സ്ഥലത്തും ഫീൽ ചെയ്യിക്കാതെയാണ് അദ്ദേഹം മുഴുവനായി ആ സിനിമയിൽ അവതരിപ്പിച്ചത്. അതിപ്പോൾ ഫോൺ ഉപയോഗിക്കുന്ന രീതി, തോർത്ത്‌ വിരിക്കുന്ന രീതി, കഞ്ഞി കുടിക്കുന്നത്, മകൻ അവോയ്ഡ് ചെയ്യുന്നതെല്ലാം വളരെ കൃത്യമായി അദ്ദേഹത്തിന് പറ്റിയിട്ടുണ്ട്.

സുരാജേട്ടൻ കരിയർ തുടങ്ങുന്നത് തന്നെ ഏറ്റവും മുകളിൽ നിന്നാണ്. ഹ്യൂമർ ചെയ്യുക എന്ന് പറഞ്ഞാൽ തന്നെ വലിയ പാടാണ്. ഇപ്പോഴും ദശമൂലം ദാമു എന്ന കഥാപാത്രത്തെ വെച്ചാണ് ഏറ്റവും കൂടുതൽ ട്രോളുകൾ വരുന്നത്. ആ കഥാപാത്രത്തിന്റെ റിയാക്ഷനുകളാണ് വരുന്നത്.

അമ്പിളി ചേട്ടൻ കഴിഞ്ഞാൽ ചിലപ്പോൾ പല സിറ്റുവേഷനിലും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹ്യൂമർ സീക്വൻസുകൾ നമ്മൾ ടി.വിയിൽ കണ്ടിട്ടുണ്ടാവുക സുരാജേട്ടന്റെതാവും. ടി.വിയിൽ ഒരു പരിപാടി വെക്കുമ്പോഴും ആ ഒരു ജനറേഷൻ കഴിഞ്ഞാൽ സുരാജ് ഏട്ടനെയാണ് കൂടുതൽ കാണുന്നത്. അത്രയും പവർ കാണിച്ച ഒരാൾക്ക് ഏത്‌ കഥാപാത്രം ചെയ്യാനും വളരെ ഈസിയാണ്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Character Of Suraj Venjaramood In Android Kunjappan

We use cookies to give you the best possible experience. Learn more