സുഹൃത്തുക്കൾക്ക് ഇത്രയും സ്പേസ് കൊടുക്കുന്ന മറ്റൊരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല: ആസിഫ് അലി
Entertainment
സുഹൃത്തുക്കൾക്ക് ഇത്രയും സ്പേസ് കൊടുക്കുന്ന മറ്റൊരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 8:02 am

ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും ആസിഫ്‌ അലിയും വീണ്ടും ഒന്നിച്ച ചിത്രമാണ് തലവൻ. ഫീൽ ഗുഡ് സിനിമകൾ ചെയ്ത് മലയാളത്തിൽ ശ്രദ്ധ നേടിയ ജിസ് ജോയ് ഒരുക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് തലവൻ. മികച്ച അഭിപ്രായം നേടി തലവൻ തിയേറ്ററുകളിൽ മുന്നേറുകയാണ്.

ഷൂട്ടിങ് ലൊക്കേഷനുകളിലെ അനുഭവം പറയുകയാണ് ആസിഫ് അലി. ലൊക്കേഷനിലേക്ക് എപ്പോഴും ബിജു മേനോന്റെ സുഹൃത്തുക്കൾ വരുമായിരുന്നുവെന്നും ബിജു മേനോനെ പോലെ കൂട്ടുകാർക്ക് ഇത്രയും സ്പേസ് കൊടുക്കുന്ന മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്നും ആസിഫ് അലി പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘രാവിലെ ഇറങ്ങുമ്പോൾ എല്ലാവരും സ്കൂളിലേക്ക് ഇറങ്ങുന്ന പോലെ റെഡിയായി ഇറങ്ങും. എല്ലാവരും ഡയലോഗ് പറയുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരമില്ല. ജിസ് മോണിറ്ററിന്റെ സൈഡിൽ ഇരിക്കുന്നു ഞാനും ബിജു ചേട്ടനും മറ്റൊരു വശത്ത്. പിന്നെ ഷോട്ടൊക്കെ കഴിഞ്ഞ് വൈകുന്നേരമൊക്കെ ആകുമ്പോൾ എല്ലാവരും ഒന്ന് റിലാക്സാവും.

വൈകുന്നേരം പാക്കപ്പ് ഒക്കെ ആയതിന് ശേഷം ബിജു ചേട്ടന്റെ റൂമിൽ എല്ലാവരും കൂടും. ഞാൻ തമാശക്ക് പറയാറുണ്ട്, ചന്ദന ലോറിയുമായി പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ പോകുന്ന പോലെയാണ്, ബിജു ചേട്ടൻ പിടിച്ചാൽ അകത്താണ്. പിന്നെ രാവിലെ ആരെങ്കിലുമൊക്കെ വരണം.

ബിജുവേട്ടന്റെ റൂം ഭ്രമയുഗത്തിലെ മമ്മൂക്കയുടെ ഇല്ലമാണ്. അതിനകത്തേക്ക് കയറി കഴിഞ്ഞാൽ പിന്നെ ഇറങ്ങാൻ പറ്റില്ല. സുഹൃത്തുക്കൾക്കിത്രയും സ്പേസ് കൊടുക്കുന്ന ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

അദ്ദേഹത്തിന്റെ റൂമിൽ ഞാൻ കാണുന്നത് ഒരു സ്യൂട്ട് റൂമിൽ 2 പേർ കിടക്കുന്നുണ്ട്. നല്ല തണുപ്പായത് കൊണ്ട് തലവഴി മൂടിയാണ് അവർ കിടക്കുന്നത്. പിന്നെ റൂമിലേക്ക് കയറിയപ്പോൾ ബെഡിൽ രണ്ട് പേർ കിടക്കുന്നുണ്ട്. അവരും തലയൊക്കെ മൂടിയാണ് കിടക്കുന്നത്. സ്വാഭാവികമായി ബെഡിൽ കിടക്കുന്നത് ബിജു മേനോൻ ആണെന്ന് കരുതി ഞാൻ പുതപ്പ് പൊന്തിച്ചു നോക്കി.

അത് ബിജുവേട്ടൻ അല്ല. അങ്ങനെ എല്ലാം നോക്കി. ഞാൻ കയറി വരുന്ന സ്ഥലത്ത് നിലത്തൊരു ബെഡിൽ കിടന്നില്ലേ. അതാണ് ബിജുവേട്ടൻ. സുഹൃത്തുക്കളെ ഏറ്റവും കംഫർട്ടബിളാക്കിയാണ് അദ്ദേഹം കിടക്കുന്നത്. അത് ബിജുവേട്ടന്റെ വേർഷൻ. പക്ഷെ എനിക്കറിയാം അവർ ഇറങ്ങി പോവാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഡോറിന്റെ അവിടെ കിടക്കുന്നത്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Bijumenon