ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്താന്‍ അപര്‍ണക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ ഭാഗമായിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘല എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.
അപർണയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ആസിഫ് അലി. സൺഡേ ഹോളിഡേ, കിഷ്കിന്ധാ കാണ്ഡം, ബി. ടെക്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് വന്നിരുന്നു. അപർണയെ പറ്റി തനിക്ക് വലിയ അഭിമാനമുണ്ടെന്ന് തമിഴിൽ പോയി സൂര്യക്കും ധനുഷിനുമൊപ്പമെല്ലാം അപർണ സിനിമ ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ടെന്നും ആസിഫ് അലി പറയുന്നു.
‘എനിക്ക് അവളെ പറ്റി വലിയ അഭിമാനമുണ്ട്. അപർണ തമിഴിൽ പോയി സിനിമകൾ ചെയ്യുന്നു. സൂര്യയും ധനുഷിനെയും പോലെയുള്ളവരോടൊപ്പം സിനിമകൾ ചെയ്യുന്നു.
അവിടെയുള്ള ആളുകൾ അപർണയെ കുറിച്ച് പറയുന്നതൊക്കെ കേൾക്കുമ്പോൾ അഭിമാനം തോന്നും. പല റിവ്യൂസിലും അപർണയെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഞാനും എന്റെ വൈഫും എപ്പോഴും പറയും, നമുക്ക് വളരെ പേർസണലായിട്ടുള്ള ഒരാളെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണെന്ന്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About Aparna Balamurali